 വഞ്ചിയൂരിൽ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂം പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം: ഖാദി മേഖലയുടെ സമഗ്രമാറ്റത്തിന് മാസ്റ്റർപ്ളാൻ നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. തിരുവനന്തപുരം വഞ്ചിയൂരിൽ പുതുതായി ആരംഭിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമഗ്ര മാറ്റത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ചെന്നൈ ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഖാദിയുടെ മൗലികത നിലനിറുത്തി തൊഴിൽ അനായാസമാക്കുന്നതിനുള്ള സംവിധാനങ്ങൾ സർക്കാർ ആലോചിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മൂല്യവർദ്ധനയിലൂടെയും വൈവിദ്ധ്യവത്കരണത്തിലൂടെയും ഉപഭോക്താക്കളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ കഴിയുന്ന രീതിയിൽ നിർമ്മിക്കും. പുതുതായി ആരംഭിച്ച ഗ്രാമ സൗഭാഗ്യ ഷോറൂമിൽ ഡിസൈനറെ നിയമിച്ചിരിക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു. ഉപയോക്താക്കൾക്ക് അഭിരുചിക്കനുസരിച്ചു വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു സ്റ്റിച്ച് ചെയ്യാൻ ഇവിടെ സൗകര്യമുണ്ട്. ബുധനാഴ്ചകളിൽ ഖാദി ധരിക്കണമെന്ന സർക്കാർ തീരുമാനം ഈ മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ആദ്യ വില്പന നിർവഹിച്ചു. കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ബി. അശോക് ഏറ്റുവാങ്ങി. ഖാദി ബോർഡിന് പ്രാത്സാഹനം നൽകുന്നതിനായി വൈദ്യുതി ഭവനിലെ 1200 ജീവനക്കാരോടും മറ്റ് സ്ഥലങ്ങളിലെ ജീവനക്കാരോടും ഖാദി വസ്ത്രങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുമെന്ന് അശോക് പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എം. മുഹമ്മദ് ഹനീഷ്, വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബു, ഖാദി ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്, ബോർഡ് അംഗങ്ങൾ,​ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.