
തിരുവനന്തപുരം: സ്ത്രീധന പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള വനിത ശിശുവികസന വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ സജ്ജമായതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയാണ് വനിതാ ദിനത്തിൽ പോർട്ടൽ നാടിന് സമർപ്പിച്ചത്.
വധുവിന്റെ കുടുംബം, വരനോ അയാളുടെ മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ സ്ത്രീധനം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പരാതി നൽകാം. ദുരിതബാധിതരായ സ്ത്രീകൾ, മാതാപിതാക്കൾ, ബന്ധുക്കൾ, അംഗീകൃത സ്ഥാപനങ്ങൾ എന്നിവർക്കും പരാതി നൽകാം. ലഭിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. അപേക്ഷ ലഭിച്ച് മൂന്ന് പ്രവൃത്തി ദിവസത്തിനകം ഡൗറി പ്രൊഹിബിഷൻ ഓഫീസർ പ്രതിനിധി പരാതിക്കാരെ ബന്ധപ്പെടും.
പരാതികൾ ജില്ലാ സ്ത്രീധന നിരോധന ഉദ്യോഗസ്ഥർക്ക് കൈമാറും. തുടർന്ന് അന്വേഷണം നടത്തി നോട്ടീസയക്കും. ആവശ്യമെങ്കിൽ പൊലീസ്, നിയമസഹായങ്ങൾ നൽകും. ഫോൺ: 0471 2346838.
എങ്ങനെ പരാതി നൽകാം
ആദ്യം http://wcd.kerala.gov.in/dowry എന്ന സൈറ്റിൽ പരാതി സമർപ്പിക്കുക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. പേജിൽ മൊബൈൽ നമ്പർ നൽകി ലഭിക്കുന്ന ഒ.ടി.പി സബ്മിറ്റ് ചെയ്യുക
അടിസ്ഥാനപരമായ വിശദാംശം ടൈപ്പ് ചെയ്യണം.
വിവരം നൽകുന്നയാളിന്റെ പേര്, ഇ-മെയിൽ എന്നിവ നൽകണം
ദുരിതം അനുഭവിക്കുന്ന സ്ത്രീയുടെ വിശദാംശങ്ങൾ, സംഭവ സ്ഥലം, മേൽവിലാസം, പരാതിയുടെ സ്വഭാവം, ആവശ്യപ്പെട്ട സ്ത്രീധനം, ബന്ധപ്പെടേണ്ട നമ്പർ, ഇ-മെയിൽ എന്നിവ നൽകണം.
വേറെവിടെയെങ്കിലും പരാതി നൽകിയോ എന്ന് വ്യക്തമാക്കണം
രേഖകൾ അപ് ലോഡ് ചെയ്ത് സെക്യൂരിറ്റി കോഡ് നൽകിയ ശേഷം സബ്മിറ്റ് ചെയ്യാം.
രജിസ്ട്രേഷൻ പൂർത്തിയായാൽ എസ്.എം.എസ് അറിയിപ്പ് ലഭിക്കും. ഓരോ ഘട്ടത്തിലും എസ്.എം.എസ് അപ്‌ഡേറ്റുണ്ടാകും.