
കല്ലമ്പലം: കല്ലമ്പലം സ്റ്റേഷനിലെ പൊലീസുകാർക്ക് കുത്തേറ്റ സംഭവത്തിൽ കേസെടുത്ത പാരിപ്പള്ളി പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തും. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് കോടതിയിൽ അപേക്ഷ സമർപ്പിച്ചതായി സി.ഐ അൽജബ്ബാർ അറിയിച്ചു. കുത്തേറ്റ സി.പി.ഒ വിനോദിന്റെ പരാതിയിലാണ് പാരിപ്പള്ളി പൊലീസ് കേസെടുത്തത്.
പരിക്കേറ്റ ജയൻ, ചന്തു, ശ്രീജിത്ത് എന്നിവർ കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടിയ വിനോദ് കഴിഞ്ഞദിവസം ആശുപത്രി വിട്ടിരുന്നു. കിംസിൽ ചികിത്സയിലുള്ള ചന്തുവിന്റെ തുടയിലേറ്റ മുറിവിന്റെ ആഴം കൂടുതലായതിനാൽ അദ്ദേഹത്തെ സർജറിക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹത്തിന്റെ ചികിത്സാച്ചെലവുകളിൽ ഡോക്ടറുടെ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ഡോ. മദൻമോഹനാണ് പൊലീസ് ഉദ്യോഗസ്ഥനെ ചികിത്സിച്ചതിന്റെ ഫീസ് വേണ്ടെന്നുവച്ചത്.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥരെ റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനി, റൂറൽ എസ്.പി ദിവ്യ വി. ഗോപിനാഥ്, വർക്കല ഡിവൈ.എസ്.പി നിയാസ്. പി, പൊലീസ് അസോസിയേഷൻ പ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ സന്ദർശിച്ചു.