
തിരുവനന്തപുരം: നിർണായകമായ യു.പിയിലും സ്വന്തം തട്ടകമായിരുന്ന പഞ്ചാബിലുമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ ദയനീയ പതനം കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെയും അസ്വസ്ഥമാക്കുന്നു.
സംഘടനാ തിരഞ്ഞെടുപ്പിനുള്ള അംഗത്വ വിതരണ കാമ്പെയിൻ മന്ദഗതിയിൽ നീങ്ങുന്നതിന് പുറമേ, ഡി.സി.സി പുനഃസംഘടന രൂക്ഷമായ തർക്കം കാരണം മുന്നോട്ട് പോകാനാവാത്തതും കേരളത്തിൽ തലവേദനയായി നിൽക്കുന്നതിനിടയിലാണ് ,നിർണായക തിരഞ്ഞെടുപ്പ് വിധികൾ അഖിലേന്ത്യാതലത്തിൽ കോൺഗ്രസിനെ തകർത്തുകളഞ്ഞത്.
ചേരിപ്പോരും പരസ്പരമുള്ള ചെളിവാരിയെറിയലുകളുമെല്ലാമായി പഞ്ചാബിൽ സ്വയം കുഴിയിൽ ചാടിയ കോൺഗ്രസിന് നൽകേണ്ടി വന്നത് കനത്ത വിലയാണ്. അതേ അളവിലല്ലെങ്കിലും കേരളത്തിലെ കോൺഗ്രസിലും മുൻനിര നേതാക്കൾക്കിടയിൽ ശീതസമരം രൂക്ഷമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം സംസ്ഥാന കോൺഗ്രസിൽ അഴിച്ചുപണി നടത്തിയപ്പോൾ മുറിവേറ്റ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കൾ പുതിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ഇനിയും ഉൾക്കൊള്ളാനാവാത്ത മാനസികാവസ്ഥയിലാണ്.
പഞ്ചാബ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് വലിയ പാഠമാണെന്ന് സംസ്ഥാന കോൺഗ്രസ് ക്യാമ്പിലെ പലരും അടക്കം പറയുന്നുണ്ട്. നേതൃതലത്തിലെ അസ്വാരസ്യം ഇനിയും പരിഹരിച്ചില്ലെങ്കിൽ രണ്ട് കൊല്ലത്തിനപ്പുറം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിയാണ് നേതൃത്വത്തെ കാത്തിരിക്കുന്നതെന്ന അഭിപ്രായവുമുണ്ട്. പുതിയ നേതൃത്വം വന്നശേഷം കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ചും മറ്റും താഴെത്തട്ടിൽ പാർട്ടിയിൽ ഉണർവുണ്ടാക്കി വന്നതായിരുന്നു. എന്നാൽ, പുന:സംഘടനയെ ചൊല്ലിയുള്ള തർക്കങ്ങൾ മുറുകിയതോടെ വീണ്ടും താഴേക്കിടയിൽ നിരാശ പടർന്നു.. രണ്ട് മാസമായി തുടരുന്ന പുന:സംഘടനാ ചർച്ചകൾ എങ്ങുമെത്താതെ അനിശ്ചിതമായി നീളുങങകയാണ്.
എ.ഐ.സി.സിയുടെ തിരഞ്ഞെടുപ്പ് കലണ്ടർ പ്രകാരം അംഗങ്ങളുടെ പട്ടികയും വിവിധ കമ്മിറ്റികളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയും ഏപ്രിൽ ഒന്നിന് പ്രസിദ്ധീകരിക്കണം. എന്നാൽ അംഗങ്ങളെ മുഴുവൻ ചേർത്തിട്ടേ കേരളത്തിൽ സ്ഥാനാർത്ഥിപട്ടിക തയാറാക്കൽ തുടങ്ങാനാവൂ. ഈ മാസം 31നകം അംഗത്വ പ്രചരണം പൂർത്തിയാകുമോയെന്നതിലും ഉറപ്പില്ല.
 പ്രതിഫലിച്ചത്പ്രാദേശിക വികാരം: കെ. സുധാകരൻ
തിരുവനന്തപുരം: പ്രദേശിക രാഷ്ട്രീയ വികാരം പ്രതിഫലിച്ച തിരഞ്ഞെടുപ്പ് ഫലമാണ് അഞ്ച് സംസ്ഥാനങ്ങളിൽ ഉണ്ടായതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.
ദേശീയ രാഷ്ട്രീയവും ജനകീയ വിഷയങ്ങളും ചർച്ച ചെയ്തോയെന്നത് സംശയമാണ്. വർഗീയ ധ്രുവീകരണം ജനാധിപത്യത്തിന് മേൽ എത്രത്തോളം ആധിപത്യം സ്ഥാപിക്കുന്നു എന്നതിന് തെളിവാണ്തിരഞ്ഞെടുപ്പ് ഫലം. ഇത് അപകടകരമായ പ്രവണതയാണ്. അധികാരവും പണവും തിരഞ്ഞെടുപ്പ് ഫലത്തെ ഒരുപരിധിവരെ സ്വാധീനിച്ചുവെണ് യു.പിയിലെ ഫലത്തിലൂടെ ബോദ്ധ്യമാകുന്നത്. ദളിതർക്കും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതും മതസ്പർധ വളർത്തുന്ന വിഷലിപ്തമായ പ്രസംഗങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ യു.പി യിൽ ചർച്ചയായില്ല. ദാരിദ്ര്യ നിർമാർജനത്തിൽ വളരെ നിരാശാജനകമായ പ്രകടനം കാഴ്ച വച്ച സംസ്ഥാനമാണ് ഉത്തർപ്രദേശ് .
തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടം ഉണ്ടാക്കുമ്പോൾ കേരളത്തിൽ സി.പി.എം മുഖ്യമന്ത്രി സന്തോഷിക്കുകയാണ്. കോൺഗ്രസിന്റെ പരാജയം മതേതരത്വത്തിന്റെ ദുർദിനമാണ്. കോൺഗ്രസിന്റെ തകർച്ചയിൽ മോദിയും പിണറായി വിജയനും ഒരുമിച്ച് സന്തോഷിക്കുന്നുയെന്നത് രാജ്യത്തിന്റെ മതേതരത്വത്തിനുള്ള അപായ സൂചനയാണെന്നും സുധാകരൻ പറഞ്ഞു.
 മുന്നൊരുക്കങ്ങളിൽ വീഴ്ച പറ്റി: വി.ഡി. സതീശൻ
കോഴിക്കോട്: തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിൽ വന്ന വീഴ്ചയാണ് പഞ്ചാബിലടക്കം കോൺഗ്രസിന്റെ തോൽവിക്ക് ഇടയാക്കിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകരെ നിരാശപ്പെടുത്തുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. നേതൃത്വത്തിന്റെ പരാജയമല്ല ഇതിന് കാരണം. രാഹുൽ ഗാന്ധി മാറിനിന്നിട്ടില്ല. ഏറെ സാദ്ധ്യതയുണ്ടായിരുന്ന സ്ഥലങ്ങളിൽ പോലും കേന്ദ്ര സർക്കാരിനെതിരെയുള്ള ജനവികാരം വോട്ടാക്കാൻ കോൺഗ്രസിന് സാധിച്ചില്ല. ബി.ജെ.പി അജൻഡ തിരഞ്ഞെടുപ്പ് മാത്രമായിട്ടും പഞ്ചാബിൽ കോൺഗ്രസ് തോറ്റപ്പോൾ ജയിച്ചത് ആം ആദ്മി പാർട്ടിയാണ്. തോൽവിയുടെ കാരണങ്ങൾ തിരിച്ചറിഞ്ഞ് പാർട്ടി തിരുത്തും.
സംഘടനാ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് കൂടുതൽ ശക്തിപ്പെടും. ഏപ്രിലിൽ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കമിടും. രാജ്യസഭാ സീറ്റ് ചർച്ച ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.