തിരുവനന്തപുരം: സംസ്ഥാന ബ‌ഡ്ജറ്റിൽ ഏവരും ഉറ്റുനോക്കുന്ന തലസ്ഥാന വികസനത്തിന് കാര്യമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നഗരം. തിരുവനന്തപുരത്തിന് ഇതുവരെ തലസ്ഥാന നഗരിയെന്ന നിലയിലുള്ള വികസനവും പുരോഗതിയും വേണ്ടതോതിൽ കൈവന്നിട്ടില്ലെന്ന് ആരോപണമുണ്ട്. ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ തലസ്ഥാന വികസനം പരിഗണിക്കുമെന്ന പ്രതീക്ഷയാണ് തിരുവനന്തപുരം നിവാസികൾക്ക്. നഗരസഭ പ്രധാനമായും പ്രതീക്ഷിക്കുന്നത് നഗരത്തിലെ നൂറ് വാർഡുകളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള പരിപാടിയാണ്. നഗരസഭയുടെ 20ഇന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കേണ്ട ഇവയ്ക്ക് ബഡ്ജറ്റിൽ നിന്ന് തുക ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ഇതുകൂടാതെ നഗരത്തിലെ എല്ലാ വാർഡിലും സീവേജ് കണക്ഷൻ ലഭ്യമാക്കാനും നഗരസഭ ബഡ്ജറ്റിൽ വിഹിതം പ്രതീക്ഷിക്കുന്നുണ്ട്. പ്രാവർത്തികമാക്കാൻ കൂടുതൽ തുക ആവശ്യമായി വരുന്ന പദ്ധതികളാണിവ. കൂടാതെ തലസ്ഥാനത്തിന്റെ പ്രധാന പദ്ധതിയും പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിന്ന് ആരംഭിച്ച് കരമന വരെയുള്ള ലൈറ്റ് മെട്രോയ്ക്കും ഇത്തവണ ബഡ്ജറ്റിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. വിഴിഞ്ഞം ബൈപ്പാസിൽ നിന്നുതുടങ്ങി നഗരപ്രാന്തത്തിലൂടെ നാവായിക്കുളത്ത് അവസാനിക്കുന്ന ആറുവരി ഔട്ടർ റിംഗ് റോഡ്,​ നഗരത്തിലെ കോർപ്പറേഷൻ പരിധിയിലെ റോഡുകളുടെ നിർമ്മാണം 20എം.എമ്മിൽ നിന്ന് 40എം.എം ആക്കകാനുള്ള വിഹിതം,​ മെഡിക്കൽ കോളേജ്,​ പട്ടം,​ ശ്രീകാര്യ ഫ്ലൈഓവറുകൾ,​ പാർവതീപുത്തനാർ, ഉള്ളൂർ തോട് നവീകരണം,​ നിലവിലുള്ള പൊതുമരമാത്ത് റോഡിനുപരി നഗരസഭാ റോഡുകളിലും തെരുവ് വിളക്ക് സ്ഥാപിക്കൽ തുടങ്ങിയവയ്ക്കെല്ലാം ബഡ്ജറ്റിൽ വിഹിതം കാണുമെന്ന പ്രതീക്ഷയിലാണ് നഗരസഭ. ടെക്നോപാർക്ക് വികസനം,​ നഗരത്തിലെ സ്റ്റേഡിയങ്ങളുടെ വികസനം,​കുമാരപുരം അണ്ടർപ്പാസ് തുടങ്ങിയവയും തലസ്ഥാന നഗരം പ്രതീക്ഷിക്കുന്നുണ്ട്.