
തിരുവനന്തപുരം:ഇടതുമുന്നണിക്ക് അവകാശപ്പെട്ട രണ്ട് രാജ്യസഭാ സീറ്റിലേക്ക് ആരൊക്കെ മത്സരിക്കണമെന്ന് ഈ മാസം 15ന് തീരുമാനമാകും. അന്ന് വൈകിട്ട് നാലിന് ഇടതുമുന്നണി ചേരും. ഒരു സീറ്റിനായി സി.പി.ഐ ഉറച്ചുനിൽക്കുകയാണ്. ഒന്ന് ഇപ്പോൾ ലോക് താന്ത്രിക് ജനതാദളിന്റേതാണ്. അത് വേണമെന്നാണ് അവരുടെയും ആവശ്യം. 15ന് മുമ്പായി തീരുമാനിക്കാനാണ് സി.പി.എം ആലോചിക്കുന്നത്.
ഇന്നലെ സി.പി.എമ്മും സി.പി.ഐയും എ.കെ.ജി സെന്ററിൽ ചർച്ച നടത്തി. ഒരു സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് സി.പി.ഐ വ്യക്തമാക്കി. എൽ.ജെ.ഡി, എൻ.സി.പി, ജനതാദൾ-എസ് കക്ഷികളും സീറ്റ് അവകാശപ്പെടുന്നുണ്ടെന്ന് സി.പി.എം നേതൃത്വവും അറിയിച്ചു. എല്ലാവരുമായും ആലോചിച്ച് തീരുമാനിക്കാമെന്ന ധാരണയിലാണ് പിരിഞ്ഞത്.
14നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം. 21 വരെ പത്രിക സമർപ്പിക്കാം. നാളെയും മറ്റന്നാളും നടക്കുന്ന പോളിറ്റ്ബ്യൂറോ യോഗത്തിന് മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഡൽഹിക്ക് പോകും. നാളെ മുതൽ 14 വരെ നടക്കുന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനായി സി.പി.ഐ നേതാക്കളും ഡൽഹിക്ക് പോകും. 15ന് രാവിലെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവും ചേരുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് 15ന് മുന്നണിയോഗം നിശ്ചയിച്ചത്. അതിന് മുമ്പ് ഇരു പാർട്ടികളുടെയും നേതാക്കൾ ഫോണിലൂടെയും ആശയവിനിമയം നടത്തിയേക്കാം.
സീറ്റ് ആവശ്യപ്പെട്ട് എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറും മുഖ്യമന്ത്രിയെ കണ്ടു. കോടിയേരി ബാലകൃഷ്ണനുമായും അദ്ദേഹം സംസാരിച്ചു. രാജ്യസഭാ ഒഴിവുകളിൽ പരിഗണിക്കാനാവശ്യപ്പെട്ട് എൻ.സി.പിയും ജെ.ഡി.എസും കത്ത് നൽകിയിരുന്നെങ്കിലും സി.പി.എം ഗൗരവത്തിലെടുക്കാനിടയില്ല.
അതേസമയം, യു.ഡി.എഫിന് കിട്ടുന്ന ഏക സീറ്റിലേക്ക് ആർ.എസ്.പിയും അവകാശവാദമുന്നയിച്ചു. സി.എം.പിയും സീറ്റ് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. സീറ്റ് കോൺഗ്രസിന് അവകാശപ്പെട്ടതായതിനാൽ ഇവ പരിഗണിക്കാനിടയില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയെ പറ്റി ഇന്ന് ചർച്ച ആരംഭിച്ചേക്കും.