പാറശാല: ലഹരി മാഫിയാ സംഘങ്ങളുടെ ആക്രമണത്തെ ഭയന്ന് ബൈക്കിൽ വെട്ടുകത്തിയുമായി എത്തിയ വിദ്യാർത്ഥികളെ അമരവിള എക്സൈസ് പിടികൂടി. ഇന്നലെ വൈകിട്ട് പാറശാല ഗേൾസ് ഹൈസ്‌കൂളിന് മുന്നിലാണ് സംഭവം. ബൈക്കിൽ എത്തിയ രണ്ടുപേരെ പിടികൂടി പരിശോധന നടത്തിയതിനെ തുടർന്നാണ് വെട്ടുകത്തി കണ്ടെത്തിയത്. ചെങ്കവിള സ്വദേശികളായ വിദ്യാർത്ഥികളെ ചോദ്യം ചെയ്തപ്പോൾ തങ്ങളുടെ എതിരാളികളുടെ ആക്രമണത്തെ നേരിടുന്നതിനാണ് വെട്ടുകത്തി കരുതിയതെന്നായിരുന്നു എക്സൈസിന് ലഭിച്ച മറുപടി. പാറശാലയിലും പരിസര പ്രദേശങ്ങളിലും സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയാ സംഘങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ രണ്ട് ചേരിയിലാക്കി തമ്മിൽ തല്ലിക്കുക പതിവാണ്. ഈ വിഷയം ചൂണ്ടിക്കാട്ടി കേരളകൗമുദി ഇന്നലെ വാർത്ത നൽകിയിരുന്നതിനെ തുടർന്നാണ് എക്സൈസ് സ്ഥലത്തെത്തിയത്. ലഹരി മാഫിയാ സംഘത്തിലുള്ളവരുമായി ചെങ്കവിളയിലുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥികളിൽ ഒരാളുടെ കയ്യിൽ നേരത്തെ വെട്ടേറ്റത് തെളിവായി പറയുന്നു. തുടർന്ന് ഇരുവരെയും പാറശാല പൊലീസിന് കൈമാറി. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്കും കൂടെ കരുതിയിരുന്ന വെട്ടുകത്തിയും പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും രക്ഷാകർത്താക്കളുമായി എത്തണമെന്ന് പറഞ്ഞ് വിദ്യാർത്ഥികളെ വിട്ടയച്ചു.