
കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കൈലാസംകുന്ന് കിടാരക്കുഴി വാഴമൺ നഗരൂർ മൂഴിത്തോട്ടം വലിയതോട് ശുചീകരണത്തിന്റെ ആദ്യഘട്ടമായ പുഴനടത്തത്തിന് ആവേശോജ്വല തുടക്കം. കിളിമാനൂർ ബ്ലോക്ക് പരിധിയിൽ പുഴകടന്നുപോകുന്ന നഗരൂർ, മടവൂർ, കിളിമാനൂർ പഞ്ചായത്തുകളിലെ ഇരുപത്തിയഞ്ചു വാർഡുകളിലാണ് പുഴനടത്തം സംഘടിപ്പിച്ചത്. പലയിടത്തും ഒഴുക്ക് തടസ്സപ്പെട്ട് മാലിന്യം അടിഞ്ഞ് നാശോന്മുഖമായ വലിയതോടിനെ പുഴയാക്കി ഒഴുക്ക് പുനസ്ഥാപിക്കുന്ന ഏതാണ്ട് 200 കോടി രൂപ ചെലവുള്ള ബൃഹത് പദ്ധതിക്കാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് തുടക്കമിട്ടത്.
നഗരൂർ പാലത്തിന് സമീപം നടന്ന പുഴനടത്തം പദ്ധതിയുടെ ഉദ്ഘാടനം നവകേരളം കർമ്മ പദ്ധതി -2സംസ്ഥാന തല കോർഡിനേറ്റർ ഡോ: ടി.എൻ. സീമ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി അദ്ധ്യക്ഷനായി. ഒ.എസ് അംബിക എം.എൽ.എ, നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത, വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീജ, ബ്ലോക്ക് സെക്രട്ടറി ശ്രീജാറാണി, പഞ്ചായത്തംഗങ്ങൾ, നവകേരള മിഷൻ സംസ്ഥാന തല ജല വിഭവ കൺസൾട്ടന്റ് എബ്രഹം കോശി, ജല സംരക്ഷണം ടെക്നിക്കൽ ഓഫീസർ വി.ആർ. സതീഷ്, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡി. ഹുമയൂൺ,സി.പി.എം ജില്ലാകമ്മിറ്റിയംഗം മടവൂർ അനിൽ, ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ, എ. ഇബ്രാഹിംകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
കിളിമാനൂർ പഞ്ചായത്തുതല ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മനോജ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കുമാരി ഗിരിജ സംസാരിച്ചു. കിളിമാനൂർ പഞ്ചായത്തിലെ ആറ് വാർഡുകളിൽ കൂടി മൂന്ന് കിലോമീറ്റർ ദൂരമാണ് പുഴ നടത്തം നടത്തിയത്.
മടവൂർ പഞ്ചായത്തിലെ ഉദ്ഘാടനം കാലടി സർവ്വകലാശാല മുൻ രജിസ്ട്രാർ രാമചന്ദ്രൻ നിർവ്വഹിച്ചു. മടവൂർ പഞ്ചായത്തിൽ രണ്ടു വാർഡുകളിൽ ആയി രണ്ട് കിലോമീറ്റർ വരുന്ന പുഴയുടെ തീരത്ത് കൂടി പഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാറിന്റെ അദ്ധ്യക്ഷതയിൽ പുഴ നടത്തം നടന്നു. വിവിധ കേന്ദ്രങ്ങളിൽ ചെണ്ടമേളം, മാജിക് ഷോ, പരമ്പരാഗത കാർഷികവേഷം ധരിച്ച കർഷകരും കർഷകതൊഴിലാളികളും, കേരളീയ വേഷം ധരിച്ച വനിതകൾ, നിശ്ചല ദൃശ്യങ്ങൾ തുടങ്ങിയവ അണിനിരന്നു.
വിവിധ വാർഡുകളിലായി നാലായിരത്തിലധികം പേർ പുഴനടത്തത്തിൽ പങ്കാളികളായി.