
കിളിമാനൂർ: സർക്കാരിന്റെ ഒന്നാം വർഷത്തിൽ നടപ്പിലാക്കുന്ന നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി പൊതുമരാമത്തും ടൂറിസം വകുപ്പുമായി ചേർന്ന് 365 പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കർമ്മ പദ്ധതിയുടെ ഭാഗമായി നഗരൂർ ജംഗ്ഷന് സമീപം പുതിയ പാലത്തിന്റെ നിർമ്മാണോദ്ഘാടനം നഗരൂർ ക്രിസ്റ്റലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതികൾ എല്ലാം സമയബന്ധിതമായി പൂർത്തിയാക്കുകയാണ് സർക്കാരിന്റെയും വകുപ്പിന്റെയും മുഖ്യ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തിൽ കേരളത്തിൽ 95 പാലങ്ങളാണ് നിർമ്മാണത്തിലും പൂർത്തീകരണ ഘട്ടത്തിലുമുള്ളത്. ഏതാണ്ട് 700 കോടി രൂപയാണ് പാലങ്ങൾക്കായി മാറ്റിവെച്ചിട്ടുള്ളത്. ആറ്റിങ്ങൽ മണ്ഡലത്തിൽ അടയമൺ ചാവേറ്റിക്കാട് റോഡിന് 1 കോടിയും, വട്ടപ്പച്ച ചിന്താണിക്കോണം വയ്യാറ്റിൻകര റോഡിന് 2 കോടിയും അനുവദിച്ചിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേർത്തു. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി,ജില്ലാ പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണൻ, ശ്രീജാഉണ്ണികൃഷ്ണൻ, അബിശ്രീരാജ്, എസ്.എസ്. വിജയലക്ഷ്മി,കെ. അനിൽകുമാർ, നിസാമുദ്ദീൻ നാലപ്പാട്ട്, എ. ഇബ്രാഹിം കുട്ടി, വല്ലൂർ രാജീവ്, ദർശനാവട്ടം പ്രദീപ്, കുന്നിൽ ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. ചീഫ് എൻജിനിയർ മനോമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത സ്വാഗതം പറഞ്ഞു