road

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ബൈപ്പാസുകൾ പുതിയതായി നി‌ർമ്മിക്കും. ഇതിന് സ്ഥലം ഏറ്റെടുക്കാൻ കിഫ്ബിയിൽ നിന്ന് 200 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ബഡ്‌ജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ട്രാഫിക് സർവേക്ക് ശേഷമാകും ബൈപ്പാസ് ഏതെല്ലാമാണെന്ന് തീരുമാനിക്കുക.

തിരുവനന്തപുരം- അങ്കമാലി എം.സി റോഡിന്റേയും കൊല്ലം- ചെങ്കോട്ട റോഡിന്റേയും വികസനത്തിന് കിഫ്ബി വഴി 1500 കോടി രൂപയും അനുവദിക്കും. എൻ.എച്ച് 66ൽ നാവായിക്കുളത്ത് ആരംഭിച്ച് വിഴിഞ്ഞത്ത് അവസാനിക്കുന്ന തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് ഇപ്പോൾ നാലുവരിയായും ഭാവിയിൽ ആറു വരിയായും വികസിപ്പിക്കും. ഭാരത്‌മാല പര്യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നാഷണൽ ഹൈവേ അതോറിട്ടി അനുമതി നൽകിയിട്ടുണ്ട്. 4500 കോടി രൂപ ആകെ ചെലവ് കണക്കാക്കുന്ന പദ്ധതിക്കായി ഭൂമി ഏറ്രെടുക്കുന്നതിന് വേണ്ട 1000 കോടി രൂപ കിഫ്ബി മുഖേന നൽകും.

സംസ്ഥാന പാതകളുടേയും പാലങ്ങളുടേയും നിർമ്മാണത്തിനായി 1207 കോടി രൂപ നീക്കിവച്ചു. 92.88 കോടി രൂപ പ്രളയം ബാധിച്ച പാലങ്ങളുടെ അറ്റക്കുറ്റപ്പണികൾക്കാണ്. 62.5 കോടി രൂപ ജില്ലാ റോഡുകൾക്കും.

റബ്ബറൈസ്ഡ് ടാറിംഗും പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിച്ചുള്ള ടാറിംഗും കൂടുതലായി പ്രയോജനപ്പെടുത്തും. മൂന്നു വർഷത്തിനിടെ 421 ടൺ പ്ലാസ്റ്റിക് കലർത്തി 298 കിലോമീറ്റർ റോഡും റബർ കലർന്ന ബിറ്റുമിൻ ഉപയോഗിച്ച് 1700 കിലോമീറ്റർ റോ‌ഡും നിർമ്മിച്ചു. കയർ ഭൂവസ്ത്രം ഉപയോഗിച്ച് 19.1 കിലോമീറ്റർ റോഡും നിർമ്മിച്ചു.

ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് മെയിന്റനൻസ് കോൺട്രാക്ട് (ഒ.പി.ബി.ആർ.എം.സി) നടപ്പാക്കും. ഇതുപ്രകാരം കരാറുകൾക്ക് കുറഞ്ഞത് 7 വർഷത്തെ മെയിന്റനൻസ് ഉറപ്പുവരുത്തും. പൊതുമരാമത്ത് വകുപ്പിൽ പദ്ധതി നിർവഹണത്തിനുപയോഗിക്കുന്ന പ്രൈസ് സോഫ്ട് വെയർ ഫയൽ നീക്കങ്ങൾക്കും ഉപയോഗിക്കും.

നിർമ്മാണച്ചെലവിലെ അന്യായമായ വർദ്ധന, അമിത നിരക്കിൽ തയ്യാറാക്കുന്ന എസ്റ്റിമേറ്റുകൾ എന്നിവയെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കും. ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ വിധത്തിൽ കെട്ടിടനിർമ്മാണ രീതിയിൽ മാറ്റം വരുത്തും.

 ഗതാഗതക്കുരുക്കഴിക്കാൻ 200 കോടി

ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള 20 ജംഗ്ഷനുകൾ കണ്ടെത്തി സുഗമമായ ഗതാഗതം ഉറപ്പാക്കും. ഇതിന് കിഫ്ബിയിൽ നിന്ന് 200 കോടി രൂപ വകയിരുത്തും

 1782 കി.മീ- ആകെ ദേശീയ പാത

 1624 കി.മീ- നാഷണൽ ഹൈവേ അതോറിട്ടിയുടേത്

 361 കി.മീ - നിർമ്മാണം നടക്കുന്നത്

 188.69 കി.മീ - അനുമതി ലഭിച്ചത്

 904 കി.മീ -ഈ വർഷം പ്രതീക്ഷിക്കുന്നത്

 സംസ്ഥാനത്തിന്റെ പങ്ക്

നാഷണൽ ഹൈവേ അതോറിട്ടിക്ക് നേരിട്ട് നിയന്ത്രണമുള്ള റോഡുകളുടെ സ്ഥലമേറ്റെടുപ്പിന് 25% തുക. മറ്റ് റോഡുകളുടേതിൽ 50%