1

പൂവാർ: തീരദേശത്തിന്റെ പ്രധാന കുടിവെള്ള സ്രോതസുകളിൽ ഒന്നായ കരിച്ചൽ കായൽ മാലിന്യത്തിൽ മുങ്ങിയിരിക്കുന്നതായി പരാതി. കോട്ടുകാലിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന ചെറുതോടുകൾ കരുംകുളം പഞ്ചായത്തിനെയും തഴുകി അറബിക്കടലിൽ ലയിക്കുന്നതാണ് കരിച്ചൽ കായൽ. ബാലരാമപുരം ഗ്രാമ പഞ്ചായത്തിന്റെ പ്രദേശങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന ചെറു നീർച്ചാലുകളാണ് തോടുകളായി രൂപാന്തരപ്പെട്ട് കരിച്ചൽ കായലായി പരിണമിക്കുന്നത്. കോട്ടുകാലിലെ വലിയ തോട്ടിലേയ്ക്കും, നടുത്തോട്ടിലേയ്ക്കു വന്നു ചേരുന്ന പതിനാറ് തോടുകളാണ് ഇത്തരത്തിൽ നിലവിലുണ്ടായിരുന്നത്.

തീരപ്രദേശത്ത് അടിക്കടിയുണ്ടാകുന്ന പകർച്ചവ്യാധികളും മാരകരോഗങ്ങൾക്കും ഇടയാക്കുന്നത് ജലാശയത്തളിലെ മലിനീകരണമാണെന്ന തിരിച്ചറിവാണ് ഒരു വാട്സാപ്പ് ഗ്രൂപ്പ് സംഘടനയുടെ വാർ ഓൺ വേസ്റ്റ് പോലുള്ള പരിപാടികൾക്ക് ജനപിൻതുണ ലഭിച്ചത്. കരിച്ചാൽ കായലിലെ ജലം പ്രദേശവാസികൾ മാത്രമല്ല, നഗരവാസികളും ഇന്ന് ധാരാളമായി ഉപയോഗിച്ചു വരികയാണ്. ആയതിനാൽ കായലിനെ നിലനിറുത്തിയും മാലിന്യ മുക്തമാക്കിയിയും സംരക്ഷിച്ചില്ലെങ്കിൽ വരും നാളുകളിൽ കടുത്ത ജലക്ഷാമത്തെ വിളിച്ചുവരുത്തുന്നതിന് തുല്യമായിരിക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

പൂവാർ, കരുംകുളം, കാഞ്ഞിരംകുളം, കോട്ടുകാൽ പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന കരിച്ചൽ പമ്പ് ഹൗസ് പ്രവർത്തിക്കുന്നതും കരിച്ചൽ കായലിന്റെ നീർ സാന്നിദ്ധ്യത്തെ ആശ്രയിച്ചാണ്. ഇതിനെല്ലാം പുറമേയാണ് ഈ കായലിലെ വെള്ളമൂറ്റി വില്പന നടത്തുന്ന സംഘങ്ങൾ നഗരത്തിലെ ഹോട്ടലുകളിലും മറ്റും ശുദ്ധജലമെന്ന പേരിൽ എത്തിക്കുന്നതും.

വറ്റാത്ത നീരുറവ

ഉയർന്ന പ്രദേശങ്ങളിൽ നിന്ന് തുടങ്ങുന്ന കുഞ്ചുകോണം വടക്കേക്കര, തെക്കേക്കര, പാപ്പനംകോണം, ഇടത്തേക്കോണം, കൊല്ലകോണം, കുഴിവാളക്കോണം, വളവുനട, പുന്നക്കുളം, മരുതൂർക്കോണം, ഇറത്തിക്കര, മൂലക്കര, മരപ്പാലം, പുലിയൂർക്കോണം, മുര്യത്തോട്ടം, ആട്ടറമൂല തുടങ്ങിയ തോടുകളാണവ. ഇവയെല്ലാം അടുത്തകാലംവരെ വറ്റാത്ത നീരുറവകളായിരുന്നു. അതുകൊണ്ടുതന്നെ സമീപ പഞ്ചായത്തുകളിലടക്കം ശുദ്ധജലമെത്തിക്കാനുള്ള മിനി വാട്ടർ സപ്ലൈ സ്കീമുകളുടെ പമ്പ് ഹൗസുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

മാലിന്യനിക്ഷേ കേന്ദ്രം

പൂവാർ, കരുംകുളം, കോട്ടുകാൽ പഞ്ചായത്ത് പ്രദേശങ്ങൾക്ക് കുടിവെള്ള ദായനിയായ കരിച്ചൽ കായൽ ഇന്ന് രോഗശയ്യയിലാണ്. നീർച്ചാലുകൾ പലതും മണ്ണ് വീണ് മൂടി. തോടുകളിൽ ഒഴുക്ക് നിലച്ചു. അവിടങ്ങളെല്ലാം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറി. വലിയതോടും നടുത്തോടും കൈയേറ്റക്കാരുടെ കൈകളിൽ അമർന്നു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളുടെ നിക്ഷേപ കേന്ദ്രങ്ങളായി തോടുകൾ മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നത്.

നിറയെ മാലിന്യം മാത്രം

കരിച്ചൽ കായൽ അറബിക്കടലിൽ ലയിക്കുന്നതിന്റെ അഴിമുഖം മുതൽ അടിമലത്തുറയുടെയും കരുംകുളത്തിന്റെ പി.എച്ച്.സി വാർഡിന്റെയും ഭാഗങ്ങളിൽ വരുന്ന കൈവഴികളിലെല്ലാം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. ഇതിനു പുറമെ ഹോട്ടൽ മാലിന്യവും അറവ് മാലിന്യവും പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് കൊണ്ടിട്ടിരിക്കുന്നതും കാണാനാകും. കരിച്ചൽ കായലിൽ അടിഞ്ഞ് കൂടിയിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ജെ.സി.ബി ഉപയോഗിച്ച് ഒരുപ്രാവശ്യം തീരം ചർച്ചാവേദി എന്ന വാട്സാപ്പ് ഗ്രൂപ്പ് സംഘടന ക്ലീൻ ചെയ്തിരുന്നു. വാർ ഓൺ വേസ്റ്റ് എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ക്ലീനിംഗ് നടത്തിയത്.