
തിരുവനന്തപുരം: തിരുവനന്തപുരം ഔട്ടർറിംഗ് റോഡിന് ബഡ്‌ജറ്റിൽ 1000 കോടി അനുവദിച്ചത് തലസ്ഥാന ജില്ലയ്‌ക്ക് നേട്ടമാകും.നഗരത്തിന് പുറത്ത് മികച്ച യാത്രാസൗകര്യം ലഭിക്കുമെന്നു മാത്രമല്ല, വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ വേഗത്തിൽ ചരക്ക് നീക്കാനുള്ള വലിയ സാദ്ധ്യതയും റിംഗ് റോഡ് തുറക്കും. നഗരത്തിലെ റോഡുകളിലെ തിരക്ക് ഗണ്യമായി കുറയും. 4500 കോടി രൂപ ആകെ ചെലവ് വരുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കുന്നതിന്റെ പകുതി ചെലവ് സംസ്ഥാനമാണ് വഹിക്കുന്നത്. ഇത് ഏകദേശം 1000 കോടി രൂപയാണ്. ആ പണമാണ് ബഡ്‌ജറ്റിൽ വകയിരുത്തിയത്. കിഫ്‌ബി മുഖേനയാണ് സർക്കാർ പണം നൽകുന്നത്. ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയപാത അതോറിട്ടി റോഡിന് അംഗീകാരം നൽകിയിട്ടുണ്ട്. എൻ.എച്ച് 66ൽ പാരിപ്പള്ളിക്ക് സമീപം നാവായിക്കുളത്തു നിന്ന് ആരംഭിച്ച് വിഴിഞ്ഞം ബൈപ്പാസിൽ അവസാനിക്കുന്ന ഔട്ടർറിംഗ് റോഡ് തിരുവനന്തപുരം നഗരത്തിലേക്ക് വരുന്ന ഏകദേശം എല്ലാ പ്രധാന റോഡുകളെയും ബന്ധിപ്പിച്ചാകും കടന്നുപോവുക. തേക്കടയിൽ നിന്ന് മംഗലപുരത്തേക്കുള്ള ലിങ്ക് റോഡുൾപ്പെടെ 78.880 കിലോമീറ്റർ നീളമുളള റോഡ് ഇപ്പോൾ നാലുവരിപ്പാതയായും ആവശ്യം വന്നാൽ ഭാവിയിൽ ആറുവരി പാതയായും വികസിപ്പിക്കാവുന്ന തരത്തിലാണ് രൂപകല്പന ചെയ്‌തിരിക്കുന്നത്.
അടുത്ത കടമ്പ ഭൂമിയേറ്റെടുക്കൽ
സർക്കാർ പണം അനുവദിച്ചെങ്കിലും ഭൂമിയേറ്റെടുക്കലാണ് മുന്നിലുള്ള പ്രധാന വെല്ലുവിളി. 926 ഏക്കർ (375 ഹെക്‌ടർ) സ്ഥലമാണ് ആകെ ഏറ്റെടുക്കേണ്ടിവരിക. നിർദിഷ്‌ട സിൽവർലൈൻ പദ്ധതിക്ക് ആവശ്യമുള്ള സ്ഥലത്തിന്റെ ഏതാണ്ട് നാലിലൊന്നാണിത്. പരിസ്ഥിതി സൗഹൃദമായ ഗ്രീൻഫീൽഡ് അലൈൻമെന്റാണ് ഔട്ടർ റിംഗ് റോഡിന്റേത്. ഒൗട്ടർ റിംഗ് റോഡ് നിർമ്മാണത്തിന് ശേഷം രണ്ടാം ഘട്ടമായി സമീപത്ത് ടൗൺഷിപ്പുകളും വ്യവസായ പാർക്കുകളും വികസിപ്പിക്കുന്ന ഗ്രോത്ത് കോറിഡോറും പരിഗണനയിലുണ്ട്.