hh

ജോജു ജോർജും അനശ്വര രാജനും അച്ഛനും മകളുമായി എത്തുന്നു. ഷാനിൽ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന അവിയൽ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പോക്കറ്റ് എസ്.ക്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത്ത് സുരേന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്. ഫിലിപ്സ് ആൻഡ് ദ രങ്കിപെൻ എന്ന ചിത്രത്തിനു ശേഷം ഷാനിൽ ഒരുക്കുന്ന ചിത്രത്തിൽ പുതുമുഖമായ സിറാജുദ്ദീൻ നായകനാകുന്നു. കേതകി നാരായണൻ, ആത്മീയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിഡ്, വിഷ്ണു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജോസഫ് എന്ന ചിത്രത്തിനു ശേഷം ജോജുവും ആത്മീയയും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

സംഗീതത്തിനോട് അതിയായ സ്‌നേഹവും ആവേശവുമുള്ള കൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യകാലം, കൗമാരം, യൗവനം എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിതകഥ അച്ഛൻ- മകൾ സംഭാഷണത്തിലൂടെ അവിയൽ എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നു.

സുദീപ് ഇളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. മനു മഞ്ജിത്, നിസ്സാം ഹുസൈൻ, മാത്തൻ, ജിസ് ജോയ് തുടങ്ങിയവരുടെ വരികൾക്ക് ശങ്കർ ശർമ, ശരത് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കണ്ണൂർ, ഗോവ, കൊടൈക്കനാൽ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. പ്രൊജക്ട് ഡിസൈനർ: ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്.