
തിരുവനന്തപുരം: ഭൂമിയുടെ ന്യായവില, അടിസ്ഥാന ഭൂനികുതി, മോട്ടോർ വാഹനങ്ങളുടെ ഹരിതനികുതി ഉൾപ്പെടെ കൂട്ടുന്നതിലൂടെ പ്രതീക്ഷിക്കുന്നത് 602 കോടിയുടെ അധിക വരുമാനം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിൽ 40.47 ആറിനു മുകളിലുള്ള ഭൂമികൾക്ക് പുതിയ സ്ലാബ് ഏർപ്പെടുത്തിയാകും അടിസ്ഥാന നികുതി പരിഷ്‌കരിക്കുക. എല്ലാ സ്ലാബുകളിലെയും നികുതി നിരക്കുകൾ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വർദ്ധിപ്പിക്കും. ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം ഒറ്റത്തവണ വർദ്ധനയിലൂടെ മാത്രം പ്രതീക്ഷിക്കുന്നത് 200 കോടിയുടെ അധിക വരുമാനം. ഇതിനായി ഉന്നതതല സമിതിയെ നിയോഗിക്കും.
രണ്ടു ലക്ഷം രൂപാ വരെയുള്ള മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം വർദ്ധിപ്പിക്കുന്നതിലൂടെ 60 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. 15 വർഷത്തിനു മുകളിൽ കാലപ്പഴക്കമുള്ള വാഹനങ്ങൾക്ക് ഹരിതനികുതി 50 ശതമാനമാണ് വർദ്ധിപ്പിച്ചത്. മോട്ടോർ സൈക്കിളുകൾ ഒഴികെയുള്ള മുച്ചക്ര ഡീസൽ വാഹനങ്ങൾ, സ്വകാര്യ മോട്ടോർ വാഹനങ്ങൾ (ഡീസൽ), ഇടത്തരം മോട്ടോർവാഹനങ്ങൾ (ഡീസൽ), ഹെവി മോട്ടോർ വാഹനങ്ങൾ (ഡീസൽ), മറ്റ് ഡീസൽ വാഹനങ്ങൾ എന്നിവയ്ക്കും ഹരിത നികുതി ചുമത്തും. മോട്ടോർ വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി കുടിശിക അടയ്ക്കാനുള്ള പദ്ധതി ഈ വർഷവും തുടരും.
കാരവൻ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് വാടകയ്ക്ക് എടുക്കുന്നതും കരാറിൽ ഏർപ്പെടുന്നതുമായ കാരവനുകളുടെ ത്രൈമാസ നികുതിയാണ് സ്‌ക്വയർ മീറ്ററിന് 1000 രൂപയിൽനിന്ന് 500 രൂപയാക്കി കുറച്ചത്. കരാർ തീയതി മുതൽ പ്രാബല്യം.
പ്രളയസെസ്: കൂടുതൽ അടച്ചവർക്ക് റീഫണ്ട്
 പ്രളയസെസ് കൂടുതൽ തുക അടച്ചവർക്ക് റീഫണ്ട് നൽകുന്നതിന് നിയമത്തിൽ ഭേദഗതി വരുത്തും.
 സർക്കാർ നയത്തിന്റെ ഭാഗമായി അടച്ചുപൂട്ടുകയും പിന്നീട് ലൈസൻസ് ലഭിക്കുകയും ചെയ്ത ബാർ ഹോട്ടലുകൾക്ക് സോഫ്റ്ര് വെയറിന്റെ പ്രശ്നംമൂലവും കൊവിഡ് പ്രതിസന്ധി കാരണവും റിട്ടേണുകൾ സമർപ്പിക്കാൻ കഴിയാത്തതിനാൽ കുടിശിക അടയ്ക്കാനുള്ള തീയതി ഏപ്രിൽ 30വരെ നീട്ടി.
 ജി.എസ്.ടി കൗൺസിൽ ശുപാർശയോടെ കേന്ദ്രചരക്കു സേവന നികുതി നിയമത്തിൽ വരുത്തിയിട്ടുള്ള ഭേദഗതികൾക്കു സമാനമായ ഭേദഗതി കേരള ചരക്കു സേവന നികുതി നിയമത്തിലും ഉൾപ്പെടുത്തും.
 ട്രഷറി ഇടപാടുകളുടെ പൂർണ സുരക്ഷ ഉറപ്പാക്കാൻ ഏപ്രിൽ ഒന്നുമുതൽ ആധാർ അധിഷ്ഠിത ബയോമെട്രിക് തിരിച്ചറിയൽ കാർഡുകൾ.
 ട്രഷറി വഴി യൂട്ടിലിറ്റി പേയ്മെന്റുകൾ സാദ്ധ്യമാക്കാൻ ഇ-വാലറ്റ് സംവിധാനം.
 ജി.എസ്.ടി കാര്യക്ഷമമാക്കാൻ ഇൻവോയ്സ് ബില്ലുകൾ അപ്‌ലോഡ് ചെയ്യുന്നവർക്ക് ലക്കി ബിൽ സമ്മാന പദ്ധതി