
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മത്സ്യ കർഷകർക്കായി പടുതാക്കുളം പദ്ധതി ആരംഭിച്ചു. കേരള സർക്കാരിന്റെ സുരക്ഷാ പദ്ധതിയുടെ ഭാഗമായി മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനാണ് പഞ്ചായത്തുകളുടെ സഹായത്തോടുകൂടി ഈ പദ്ധതിക്ക് രൂപംനൽകിയത്. വീട്ടുവളപ്പിൽ കുളങ്ങൾ നിർമ്മിച്ച് മത്സ്യം വളർത്തുന്ന രീതിയാണ് പടുതാകുളം. 1,23,000 രൂപയാണ് പദ്ധതിച്ചെലവ്. ഇതിൽ 32,400 രൂപ ഗ്രാമപഞ്ചായത്തും 16,400 രൂപ ഫിഷറീസ് വകുപ്പും വഹിക്കും. ബാക്കി തുകയായ 73,800 രൂപ കർഷകവിഹിതവുമാണ്. 49,200 രൂപ സർക്കാരിൽ നിന്ന് സബ്സിഡി ലഭിക്കും. വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കും ഈ പദ്ധതിയിൽ ഭാഗമാകാം. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ നെടുങ്ങണ്ടയിൽ വിദ്യാർത്ഥിയായ വിജയ് വിമൽ നിർമ്മിച്ച പടുതാ കുളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു പദ്ധതിക്ക് തുടക്കംകുറിച്ചു. മുൻ ഗ്രാമപഞ്ചായത്തംഗം പി. വിമൽരാജ് ചടങ്ങിൽ പങ്കെടുത്തു.