ആറ്റിങ്ങൽ: വർഷങ്ങളായി ഗതാഗത യോഗ്യമല്ലാതെ കിടന്ന ആറ്റിങ്ങൽ കച്ചേരിനട ബി.ടി.എസ് റോഡിന്റെ പുനർ നിർമ്മാണം ഇന്നുമുതൽ ആരംഭിക്കുമെന്ന് ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി പറഞ്ഞു. കച്ചേരിനടയിൽ നിന്ന് പാലസ് റോഡിലേക്ക് ബന്ധിപ്പിക്കുന്ന പ്രധാനപാതയാണിത്.
ഈ ഭരണസമിതി അധികാരത്തിൽ വന്ന ശേഷം ഒരുപാട് തവണ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് പുനർനിമ്മിക്കാൻ നഗരസഭ ശ്രമിച്ചു. എന്നാൽ സങ്കേതിക ബുദ്ധിമുട്ടുകൾ കാരണം പല ഘട്ടങ്ങളിലായി പദ്ധതി മുടങ്ങുകയായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വാർഡ് കൗൺസിലറുടെയും നാട്ടുകാരുടെയും നിരന്തര ഇടപെടലിനെ തുടർന്ന് 20 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് ഗതാഗത യോഗ്യമാക്കുന്നത്. റോഡിന്റെ ഘടന മനസിലാക്കി ഉയർന്ന പ്രദേശത്ത് ടാറും, താഴ്ന്ന ഭാഗത്ത് തറയോടും പാകിയാണ് നിർമ്മാണം നടക്കുക. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നുമുതൽ മുതൽ ബി.ടി.എസ് റോഡിൽ ഭാഗികമായി ഗതാഗത നിയന്ത്രണം നടപ്പിലാക്കും.
നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, വാർഡ് കൗൺസിലർ ജി.എസ്. ബിനു, മുനിസിപ്പൽ എഞ്ചിനീയർ സിനി, പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്ന് സ്കൂൾ പരിസരത്തു കൂടി അമിത ഭാരം കയറ്റിവരുന്ന ചരക്ക് ലോറികളെ തടഞ്ഞു നിറുത്തി അനുവദനീയമായ മറ്റ് പാതകളിലൂടെ യാത്ര ക്രമീകരിക്കാനും നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സഹായം തേടുമെന്നും ചെയർപേഴ്സൺ പറഞ്ഞു.