
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ നവീകരിച്ച ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ പ്രവർത്തനോദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവഹിച്ചു. രണ്ട് ഘട്ടങ്ങളിലായി 28 ലക്ഷം രൂപ ചെലവിട്ടാണ് ക്രിമിറ്റോറിയം സജ്ജീകരിച്ചത്.
ഒരു മൃതശരീരം സംസ്കരിക്കുന്നതിന് 4500 രൂപയും 500 രൂപ സർവീസ് ചാർജുമാണ് ഈടാക്കുന്നത്.
ഗ്യാസ് ക്രിമിറ്റോറിയത്തിൽ ഒരു മൃതദേഹത്തിന്റെ സംസ്കാരം പൂർത്തീകരിക്കുന്നതിന് 3 മണിക്കൂർ സമയവും 20 കിലോ ഗ്യാസും വേണ്ടിവരും. വിറക് ഉപയോഗിച്ച് സംസ്കരിക്കുന്നതിന് 3250 രൂപയാണ് ഈടാക്കുന്നത്. അതിൽ 250 രൂപ നഗരസഭയുടെ സർവീസ് ചാർജ്ജും 3000 രൂപ വിറകിനും സംസ്കാര ചുമതല നിർവഹിക്കുന്ന പ്രാദേശിക തൊഴിലാളികളുടെ പ്രതിഫലവുമാണ്.
ഗ്യാസ് ക്രിമിറ്റോറിയം കൂടി സാദ്ധ്യമായതോടെ ഒരു ദിവസം മുഴുവൻ പ്രവർത്തിക്കുമ്പോൾ 18 മൃതദേഹങ്ങൾ ആറ്റിങ്ങൽ പൊതു ശ്മശാനത്തിൽ സംസ്കരിക്കാൻ സാധിക്കും. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്.ഷീജ, രമ്യാസുധീർ, അവനവഞ്ചേരി രാജു, എ.നജാം, ഗിരിജ, വാർഡ് കൗൺസിലർ വി.എസ്.നിതിൻ, സെക്രട്ടറി എസ്.വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ എന്നിവർ പങ്കെടുത്തു.ർ