തിരുവനന്തപുരം: 25 വർഷത്തെ സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടും ബദൽ നയങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് സംസ്ഥാന ബഡ്ജറ്റെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
പുതിയ കാലഘട്ടം മുന്നോട്ടുവയ്ക്കുന്ന പരിമിതികളെയും സാദ്ധ്യതകളെയും മുന്നിൽ കണ്ടുകൊണ്ടാണ് ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളത്. വൈജ്ഞാനിക സമൂഹമായി കേരളത്തെ പരിവർത്തിപ്പിച്ച് ഉത്പാദനവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ മുന്നോട്ടുവയ്ക്കുന്നു. കാർഷിക മൂല്യവർദ്ധനവിലൂടെ കേരളത്തിന്റെ കാർഷിക മേഖലയെ സംരക്ഷിക്കുന്നതാണ് മറ്റൊരു സവിശേഷത. സഹകരണ മേഖലയെ തൊഴിൽ സൃഷ്ടിക്കും വികസനത്തിനുമായി ഉപയോഗിക്കുന്ന പദ്ധതികളും നിർദ്ദേശിക്കുന്നു. പൊതുമേഖലയെ സംരക്ഷിക്കാനും പുതിയ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താനും നിർദ്ദേശമുണ്ട്. ഐ.ടി മേഖല ശക്തിപ്പെടുത്താനും സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാനുമുള്ള നിർദ്ദേശങ്ങൾ അഭ്യസ്തവിദ്യരുടെ തൊഴിൽ പ്രതീക്ഷകൾ അഭിമുഖീകരിച്ചുള്ളതാണ്.
പട്ടികജാതി, പട്ടികവർഗ്ഗക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനും പ്രത്യേക ഊന്നലുണ്ട്. ട്രാൻസ്ജെന്ററുകൾക്ക് തൊഴിലവസരം സൃഷ്ടിക്കാനും സാമൂഹ്യപരിരക്ഷ നൽകാനുമുള്ള മഴവിൽ പദ്ധതിയും ശ്രദ്ധേയം. ആരോഗ്യമേഖലയിൽ കേരളത്തെ അത്യുന്നത കേന്ദ്രമാക്കി മാറ്റാനുതകുന്ന കാൽവെയ്പ്പുകളും ഇതിലുണ്ട്. അതീവദാരിദ്ര്യ നിർമ്മാർജ്ജനം, ഭവനരഹിതരില്ലാത്ത കേരളം, എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കൽ തുടങ്ങിയവയും ശ്രദ്ധേയമാണെന്ന് കോടിയേരി പറഞ്ഞു.
മല എലിയെ പ്രസവിച്ച പോലെ: സുധാകരൻ
തിരുവനന്തപുരം: മല എലിയെ പ്രസവിച്ചതുപോലെയാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു. ദിശാബോധം നഷ്ടമായ ബഡ്ജറ്റിന് യാഥാർത്ഥ്യവുമായി ഒരു പൊരുത്തവുമില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് തുക നീക്കിവച്ചെങ്കിലും അത് ഏത് തരത്തിലാണ് വിനിയോഗിക്കുന്നതെന്ന് വ്യക്തതയില്ല. നികുതി വർദ്ധിപ്പിച്ച് ജനങ്ങളെ കൂടുതൽ പിഴിയാനുള്ള നീക്കമാണ്. സർക്കാരിന്റെ യഥാർത്ഥ സാമ്പത്തികസ്ഥിതി മറച്ചുവയ്ക്കാനാണ് സാമ്പത്തിക അവലോകന റിപ്പോർട്ട് നേരത്തേ സഭയിൽ വയ്ക്കാതിരുന്നത്. സർക്കാരിന്റെ പൊതുധനസ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കണം.
വികസന മുരടിപ്പിന്റെ ബഡ്ജറ്റ്: കെ.സുരേന്ദ്രൻ
തിരുവനന്തപുരം:സംസ്ഥാന ബഡ്ജറ്റ് ജനങ്ങളെ നിരാശരാക്കിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സാധാരണക്കാരിൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുകയാണ് ധനമന്ത്രി ചെയ്യുന്നത്. തൊഴിൽ രഹിതരെ കൂടുതൽ അവഗണിക്കുകയാണ് ബഡ്ജറ്റെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു
വലിയ വികസന മുരടിപ്പാണ് നേരിടുന്നത്. കടക്കെണിയിൽ നിന്ന് അടുത്ത കാലത്തൊന്നും രക്ഷപ്പെടില്ലെന്ന് ഉറപ്പായി.
സ്ത്രികൾക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും കേന്ദ്ര പദ്ധതികൾ അല്ലാതെ കേരളത്തിന്റെ വക ഒന്നുമില്ല. പെട്രോളിയം ഉത്പന്നങ്ങൾക്ക് കേന്ദ്രം നൽകിയ നികതി ഇളവ് സംസ്ഥാനം നൽകിയിരുന്നുവെങ്കിൽ വില വർദ്ധന കുറയ്ക്കാമായിരുന്നു. ജി.എസ്.ടി നടപ്പിലാക്കുന്നതിൽ വരുത്തിയ വീഴ്ചയുടെ ഭവിഷ്യത്താണ് സംസ്ഥാനം അനുഭവിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും ജി.എസ്.ടി വരുമാനം വർദ്ധിപ്പിച്ചപ്പോൾ കേരളം കേന്ദ്രവിരുദ്ധ പ്രസ്താവന നടത്തി നടന്നു.
വില വർദ്ധന തടയാൻ പ്രത്യേക ഫണ്ട് എന്നത് തട്ടിപ്പാണ്. ഇത് തോമസ് ഐസക് ഡാമിൽ നിന്ന് മണൽ വാരി 2000 കോടി ഉണ്ടാക്കുമെന്നു പറഞ്ഞതുപോലുള്ള മണ്ടത്തരമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി മറ്റ് സംസ്ഥാനങ്ങൾ വേണ്ടന്ന് വയ്ക്കുമ്പോൾ ഇവിടെ പഴയ വാഹനങ്ങൾക്ക് ഹരിതനികുതി ഏർപ്പെടുത്തിയത് ഇന്ധന നികുതിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കാനാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.