
തിരുവനന്തപുരം: പോയ വർഷത്തെ സാമ്പത്തികാവലോകന റിപ്പോർട്ട് ബഡ്‌ജറ്റവതരണത്തിന് മുമ്പ് സഭയിൽ വയ്‌ക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ക്രമപ്രശ്നമുന്നയിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെ ബഡ്ജറ്റവതരിപ്പിക്കാൻ തുടങ്ങുന്നതിന് മുമ്പാണ് ക്രമപ്രശ്നമുന്നയിച്ചത്.
പാർലമെന്റിലും നിയമസഭകളിലും തുടരുന്ന കീഴ്‌വഴക്കമനുസരിച്ച് ബഡ്ജറ്റിന് മുമ്പുള്ള ദിവസം സാമ്പത്തിക സർവേയും സാമ്പത്തികാവലോകനവും അംഗങ്ങൾക്ക് നൽകണമെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ഇക്കുറി അതുണ്ടായില്ല. ആസൂത്രണബോർഡ് തയാറാക്കുന്ന സാമ്പത്തികാവലോകനം സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ മുന്നോട്ടുപോക്കിൽ പ്രത്യേക ഊന്നൽ നൽകേണ്ട മേഖലകളിലേക്കുള്ള ദിശാസൂചകമാണ്. ഇതടിസ്ഥാനമാക്കി വിശകലനം ചെയ്യുമ്പോഴാണ് ബഡ്ജറ്റിലെ നയസമീപനങ്ങളും മുൻഗണനകളും സംസ്ഥാന താത്പര്യത്തിന് ഗുണമാണോയെന്ന് അംഗങ്ങൾക്ക് വിലയിരുത്താനാവൂ. ബഡ്ജറ്റിന് മുമ്പ് സഭയിൽ വയ്ക്കാൻ കഴിയാതിരുന്ന 2003, 2004, 2012 വർഷങ്ങളിൽ അത് മുൻകൂട്ടി അംഗങ്ങൾക്ക് വിതരണം ചെയ്തിരുന്നു. ഇക്കുറി അതുമുണ്ടായില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
എന്നാൽ നിയമസഭകളിലും പാർലമെന്റിലും സാമ്പത്തികാവലോകനം ബഡ്ജറ്റിന് മുമ്പ് സഭയിൽ വയ്ക്കുന്ന കീഴ്വഴക്കമുണ്ടെങ്കിലും ഭരണഘടനപ്രകാരമോ സഭാ ചട്ടപ്രകാരമോ അത് നിർബന്ധമല്ലെന്ന് സ്പീക്കർ എം.ബി. രാജേഷ് വ്യക്തമാക്കി. സഭയിൽ വയ്ക്കുന്നതിന് മുമ്പ് അത് പൊതുരേഖയാക്കുന്നതിനോട് യോജിപ്പില്ലാത്തതിനാലാണ് ഇക്കുറി ആ രീതി തുടരാത്തത്. എന്നുകരുതി ഇതൊരു കീഴ്വഴക്കമാകരുതെന്നും സ്പീക്കർ റൂളിംഗ് നൽകി.
 പ്രതിസന്ധികളെ മറികടക്കുന്ന ബഡ്ജറ്റ്: മന്ത്രി റോഷി അഗസ്റ്റിൻ
കൊവിഡിനെ മഹാമാരിയിൽ സംസ്ഥാനം നേരിട്ട പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുന്നതാണ് ബഡ്ജറ്റെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പാരമ്പര്യേതര മേഖലകളിൽ ഊന്നൽ നൽകുന്ന ബഡ്ജറ്റ് വികസനത്തിന് ആക്കം കൂട്ടും. നൂതന മേഖലകൾക്ക് പ്രാധാന്യം നൽകുന്നതാണ് ബഡ്ജറ്റെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.