1

വർക്കല: വീടിന് തീപിടിച്ച് മരിച്ച ആർ. പ്രതാപൻ, ഭാര്യ ഷെർളി, ഇളയമകൻ അഹിൽ, മരുമകൾ അഭിരാമി, അഭിരാമിയുടെ മകൻ റയാൻ എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും. അഭിരാമിയുടെ പിതാവ് ലണ്ടനിൽ നിന്ന് എത്താനുള്ളതിനാൽ മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇദ്ദേഹം ഇന്നലെ ലണ്ടനിൽ നിന്ന് എത്തിയതോടെയാണ് ഇന്ന് സംസ്കാരം നടത്താൻ തീരുമാനിച്ചത്. ഇന്ന് രാവിലെ 8.30ന് ആശുപത്രിയിൽ നിന്ന് മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങും. അഭിരാമിയുടെയും മകന്റെയും മൃതദേഹങ്ങളാകും ആദ്യം ഏറ്റുവാങ്ങുക. ശേഷം വക്കത്തുള്ള അഭിരാമിയുടെ വീട്ടിലേക്ക് കൊണ്ടുപോകും. വക്കം മുണ്ടയിൽവിളാകം സിദ്ധിഭവനിൽ സൈൻ നടേശന്റെയും സോഫിയയുടെയും മകളാണ് അഭിരാമി. ഇരുമൃതദേഹങ്ങളും വക്കത്തെ പൊതുദർശനത്തിനു ശേഷം വർക്കലയിലേക്ക് കൊണ്ടുപോകും. 11ഓടെ മൃതദേഹങ്ങൾ വഹിക്കുന്ന ആംബുലൻസുകൾ വർക്കല പുത്തൻചന്തയിലെത്തുമ്പോൾ പാരിപ്പള്ളിയിൽ നിന്ന് പ്രതാപന്റെയും ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങളുമായുള്ള ആംബുലൻസുകളും അവിടെയെത്തും. തുടർന്ന് വിലാപയാത്രയായി മൃതദേഹങ്ങൾ പ്രതാപന്റെ മൂത്തമകൻ രാഹുലിന്റെ വീടായ പന്തുവിളയിലെ സ്നേഹതീരത്ത് എത്തിക്കും. അവിടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും. ശിവഗിരിമഠത്തിലെ സന്യാസി ശ്രേഷ്ഠരുടെ പ്രാർത്ഥനയ്ക്കും മറ്റു ചടങ്ങുകൾക്കും ശേഷം പകൽ 2ന് പ്രതാപന്റെയും ഷെർളിയുടെയും അഹിലിന്റെയും മൃതദേഹങ്ങൾ രാഹുൽനിവാസിലെ വളപ്പിൽ ഗ്യാസ് ഫർണസുകളിലൊരുക്കിയ ചിതയിൽ സംസ്കരിക്കും. പ്രതാപന്റെ മൂത്തമകൻ രാഹുലും മകനും ചേർന്ന് ചിതയ്ക്ക് തീകൊളുത്തും. അഭിരാമിയുടെയും മകൻ റയാന്റെയും മൃതദേഹങ്ങൾ അതിനടുത്തായി ഒരേ കുഴിയിലാണ് സംസ്കരിക്കുന്നത്.