krail

ചിറയിൻകീഴ്: അഴൂർ പഞ്ചായത്തിലെ പെരുങ്ങുഴി ഇടഞ്ഞുംമൂലയിൽ സിൽവർലൈൻ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് പ്രദേശത്തെ കല്ലിടൽ നിറുത്തിവച്ചിരുന്നു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ഇന്നലെ രാവിലെ മുതൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

സമരക്കാരെ കണ്ട് നടപടികൾ നിറുത്തിവച്ച ജീവനക്കാർ പൊലീസ് കാവലിൽ പണി പുനരാരംഭിക്കാൻ ശ്രമിക്കുകയും കോൺഗ്രസ് പ്രവർത്തകർ ഉപകരണങ്ങളും കോൺക്രീറ്റും റോഡിലേക്ക് വലിച്ചെറിയുകയും ചെയ്‌തു. ഇതോടെ പൊലീസ് ജനക്കൂട്ടത്തെ വിരട്ടിയോടിച്ചുവിട്ട ശേഷം കോൺഗ്രസ് നേതാവ് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാറിനെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.

പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ്. അനൂപ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു ശ്രീധർ, പഞ്ചായത്ത് അംഗം കെ. ഓമന, കോൺഗ്രസ് നേതാക്കളായ മാടൻവിള നൗഷാദ്, അഴൂർ വിജയൻ, ആന്റണി ഫിനു, എസ്. മധു, ചന്ദ്രിക ശിവപ്രസാദ്, രാജൻ കൃഷ്ണപുരം, ചന്ദ്രബാബു, ചന്ദ്രസേനൻ എന്നിവരെ അറസ്റ്റുചെയ്‌തു നീക്കി. ഇതിനുശേഷം പൊലീസ് കാവലിൽ കല്ലിടൽ പുനരാരംഭിച്ചു.