
തിരുവനന്തപുരം: യുക്രെയിനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് തുടർപഠനം സാദ്ധ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ പ്രത്യേക ഇടപെടൽ ആവശ്യമുണ്ടെന്നും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക സെൽ രൂപീകരിക്കുമെന്നും ബഡ്ജറ്റിൽ പ്രഖ്യാപനം. ഇതിനായി 10 കോടി വകയിരുത്തി. യുക്രെയിനിൽ നിന്നെത്തിയ 3123 പേരെ ചാർട്ടേർഡ് വിമാനങ്ങളിൽ നാട്ടിലെത്തിച്ചു. സർട്ടിഫിക്കറ്റുകളും രേഖകളും നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കാൻ സർക്കാർ സഹായിക്കും. വിദേശത്ത് പഠിക്കുന്ന മലയാളികളുടെ ഡേറ്റാ ബാങ്ക് നോർക്ക ഉടൻ തയ്യാറാക്കും.
രണ്ടു വർഷത്തിലേറെ വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയ പ്രവാസികൾക്കായുള്ള സ്വാന്തന പദ്ധതിക്കായി 33 കോടിയും പ്രവാസികളുടെ ഏകോപന പുനഃസംയോജന പദ്ധതിക്കായി 50 കോടിയും വകയിരുത്തി. നോൺ റസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ഫണ്ട് ബോർഡിന് 9 കോടിയുമുണ്ട്. പ്രവാസികാര്യ വകുപ്പിന് 147.51 കോടിയാണ് വിഹിതം.
ബില്ലില്ലാത്ത കച്ചവടം തടയാൻ പൊതുജനങ്ങൾക്ക് 'ലക്കി ബിൽ സ്കീം"
നികുതി ചോർച്ച തടയാൻ ധനമന്ത്രി ബഡ്ജറ്റിൽ പൊതുജനങ്ങൾക്കായി ലക്കി ബിൽ സ്കീം പ്രഖ്യാപിച്ചു. ലക്കി ബിൽ സ്കീം എന്ന പേരിൽ ഒരു മൊബൈൽ ആപ്ളിക്കേഷനാണ് പുറത്തിറക്കുന്നത്. ബിൽ ഫോട്ടോയെടുത്ത് മൊബൈൽ ആപ്പിൽ ഇട്ടാൽ സമ്മാനം കിട്ടും. ഇതാണ് ലക്കി ബിൽ സ്കീം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ബിൽ ചോദിച്ചുവാങ്ങാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കാനാണിത്. മാത്രമല്ല ബിൽ കിട്ടിയാൽ ചരക്കുസേവന നികുതി വകുപ്പിന് നികുതിദായകരുടെ റിട്ടേൺ ഫയലിംഗ് സ്റ്റാറ്റസ് പരിശോധിക്കാൻകഴിയുമെന്ന നേട്ടവുമുണ്ട്. ഇതിനായി അഞ്ച് കോടിരൂപ ബഡ്ജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.