തിരുവനന്തപുരം: കേന്ദ്രം സൃഷ്‌ടിക്കുന്ന പ്രതിസന്ധികളിലും മഹാമാരി സൃഷ്‌ടിച്ച പ്രതിബന്ധങ്ങളിലും പതറാതെ സമഗ്ര വികസനവും ജനങ്ങളുടെ സുരക്ഷിത ജീവിതവും യാഥാർത്ഥ്യമാക്കാനുള്ള ബഡ്‌ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനാവൂർ നാഗപ്പൻ പറഞ്ഞു. പ്രഖ്യാപനങ്ങൾ നടപ്പാക്കാനുള്ളവയാണെന്ന് കഴിഞ്ഞ സർക്കാർ പ്രവർത്തനത്തിലൂടെ തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ ഈ ബഡ്‌ജറ്റ് നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. മുന്നേറാനുള്ള പ്രതീക്ഷ, ജീവിത നിലവാരം ഉയരുമെന്ന പ്രതീക്ഷ, വികസിത രാജ്യങ്ങൾക്കൊപ്പം എത്തുമെന്ന പ്രതീക്ഷ എന്നിവയെല്ലാം ബഡ്‌ജറ്റ് നൽകുന്നുണ്ടെന്നും ആനാവൂ‌ർ പറഞ്ഞു.

 തിരുവനന്തപുരം ഉപേക്ഷിക്കപ്പെട്ട

പദ്ധതികളുടെ ശവപ്പറമ്പ്: പാലോട് രവി

ബഡ്‌ജറ്റിൽ പ്രഖ്യാപിക്കുകയും ശേഷം ഉപേക്ഷിക്കുകയും ചെയ്യുന്ന പദ്ധതികളുടെ ശവപ്പറമ്പായി തിരുവനന്തപുരം മാറിയെന്ന് ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി പറഞ്ഞു. പിണറായി സർക്കാർ തിരുവനന്തപുരത്തെ അവഗണിക്കുകയാണ്. ബഡ്‌ജറ്റിന്റെ വിശ്വാസ്യത തന്നെ നഷ്‌ടപ്പെട്ടു. വർക്കല, പൊന്മുടി, കോവളം ഉൾപ്പെടെയുളള ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി ബഡ്‌ജറ്റിൽ ഒന്നും ഉൾക്കൊള്ളിച്ചിട്ടില്ല. ഈ ബഡ്‌ജറ്റിലെ പ്രഖ്യാപനങ്ങളെല്ലാം അടുത്ത ബഡ്‌ജറ്റോടെ ഉപേക്ഷിക്കപ്പെടുമെന്നും പാലോട് രവി പറഞ്ഞു.