g-vijayaraghavan

മൊത്തത്തിൽ നല്ല ബഡ്ജറ്റ്. ഒരു ഡയറക്ഷൻ ചെയ്ഞ്ചുള്ള ബഡ്ജറ്റാണിത്.സാധാരണ ഗതിയിൽ ഇടതു സർക്കാരിന്റെ പോളിസികളിൽ നിന്ന് വ്യത്യസ്തമാണിത്. പാർട്ടി സമ്മേളനങ്ങളിലൊക്കെ കാണുന്നപോലുള്ള മാറ്റങ്ങൾ ഇതിനകത്തുണ്ട്. ഉദാഹരണത്തിന് ഉന്നത വിദ്യാഭ്യാസ സംബന്ധമായ നിരവധി തീരുമാനങ്ങൾ ബഡ്ജറ്റിൽ വരുന്നുണ്ട്. പക്ഷേ അതേസമയം ഇതുമായി ബന്ധപ്പെട്ട ഓരോ പദ്ധതിയും വെറും കെട്ടിടം കെട്ടുന്ന ലെവലിലേക്ക് മാത്രമായി ഒതുങ്ങിപ്പോകരുത്. ബഡ്ജറ്റിൽ ചില പ്രോജക്ടുകൾ പറയുന്നുണ്ട്. അതിന് യോഗ്യരായ ആളുകൾ തലപ്പത്തു വന്നാൽ അതെല്ലാം നല്ല രീതിയിൽ മുന്നേറും. ഇന്ന് നമ്മുടെ യൂണിവേഴ്സിറ്റികളിലെ പല നിയമനങ്ങൾ പോലെയാണെങ്കിൽ വിജയം കാണില്ല. നിലവിലെ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റുകളും മറ്റും പലതും രാഷ്ട്രീയം നിറഞ്ഞതാണ്. അതിനു മാറ്റം വന്നാലേ സെന്റർ ഒഫ് എക്സലൻസുകൾ കൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം നേടാനാകൂ.

നിലവിലെ മൂന്ന് ഐ.ടി പാർക്കുകളിൽ കൂടുതൽ വികസനം വരികയും കണ്ണൂർ ഒരു പുതിയ ഐ.ടി പാർക്ക് തുടങ്ങുകയും ചെയ്യുന്നത് നല്ല കാര്യം. പക്ഷേ ഐ.ടി കോറിഡോറുകളിൽ 20 ചെറിയ ഐ.ടി പാർക്കുകൾ തുടങ്ങുമെന്നത് അസാദ്ധ്യം. തിരുവനന്തപുരത്തിന്റെ സാറ്റലൈറ്റായിട്ട് കുണ്ടറയിലും കൊച്ചിയുടെ സാറ്റലൈറ്റായിട്ട് ചേർത്തലയിലും ഓരോ ഐ.ടി പാർക്ക് തുടങ്ങിയെങ്കിലും ഉദ്ദേശിച്ച വിജയം കണ്ടില്ല. കേരളത്തിനു പുറത്ത് ഐ.ടി കോറിഡോറുകൾ 95 ശതമാനം സ്പേസും സ്വകാര്യ സംരംഭകരുടേതാണ്. പക്ഷേ കേരളത്തിൽ 90 ശതമാനവും സർക്കാരിന്റേതാണ്. അതുകാെണ്ടാണ് ഒരു ലെവലിനപ്പുറം വളരാത്തത്. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിനെ സ്റ്റേറ്റ് കാൻസർ സെന്റർ ആക്കുകയല്ല വേണ്ടത്, ഒരു നാഷണൽ സെന്ററായാണ് ഉയർത്തേണ്ടത്.

തോട്ടം മേഖലയിൽ പുതിയ കൃഷിയുടെയും മറ്റും കാര്യത്തിൽ കൂടുതൽ പദ്ധതികൾ ഉൾപ്പെടുത്തിയത് വളരെ നന്നായി. ഒരു ഏക്കറിൽ റബറിനു പകരം പഴവർഗങ്ങൾ നട്ടാൽ ആറിരട്ടി വരുമാനം കിട്ടും. തൊഴിൽ സാദ്ധ്യതകളും ഉയരും. കഴിഞ്ഞ ബഡ്ജറ്റിൽ നടപ്പാക്കിയ കാര്യങ്ങൾ പറഞ്ഞില്ല എന്നതാണ് പോരായ്മ.