
വിതുര: ജനവാസമേഖലയിൽ ഇറങ്ങിയ കൂറ്റൻ കാട്ടുപോത്ത് എട്ട് മണിക്കൂറോളം തൊളിക്കോട്, വിതുര പഞ്ചായത്തുകളിൽ ഭീതി പരത്തി. രണ്ടുപേരെ ആക്രമിച്ച കാട്ടുപോത്ത് കാർ തകർക്കുകയും ചെയ്‌തു. ഒടുവിൽ നാട്ടുകാർ സംഘം ചേർന്ന് കാട്ടുപോത്തിനെ നന്ദിയോട് പഞ്ചായത്തിലെ പച്ചമല, വട്ടപ്പൻകാട് വനമേഖലയിലേക്ക് ഓടിച്ചുവിട്ടു. ഇന്നലെ പുലർച്ചെയാണ് കാട്ടുപോത്ത് നാട്ടിലിറങ്ങിയത്.
ആദ്യം വിതുര പഞ്ചായത്തിലെ ചേന്നൻപാറ മേഖലയിലെത്തിയ കാട്ടുപോത്ത് ടാപ്പിംഗ് തൊഴിലാളികളെയും പത്രവിതരണത്തിനെത്തിയവരെയും ഒാടിച്ചു. ഇതിനുശേഷം ചാരുപാറയിൽ ടാപ്പിംഗ് ജോലിയിലേർപ്പെട്ടിരുന്ന അജികുമാർ എന്നയാളെ കാട്ടുപോത്ത് ആക്രമിച്ചു. പരിക്കേറ്റ അജികുമാർ ചികിത്സയിലാണ്. ചേന്നൻപാറ ആയുർവേദ ആശുപത്രിക്ക് സമീപത്ത് വീടിനുമുന്നിൽ പാർക്ക് ചെയ്‌തിരുന്ന നൗഷാദ് എന്നയാളിന്റെ കാറിന് കേടുപാടുണ്ടാക്കി. വളർത്തുമൃഗങ്ങളെയും ആക്രമിച്ചു.
ചാരുപാറ, ജ്ഞാനിക്കുന്ന് വഴി ചായം പ്രദേശത്തെത്തിയ കാട്ടുപോത്ത് വാഴ, പച്ചക്കറിക്കൃഷികൾ തുടങ്ങിയവ വ്യാപകമായി നശിപ്പിച്ചു. നാട്ടുകാർ ഒാടിക്കാൻ ശ്രമിച്ചെങ്കിലും കാട്ടുപോത്ത് കാട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കിയില്ല. ഇതിനുശേഷമാണ് ചൂടൽമൺപുറം സ്വദേശി റെജിയെ ആക്രമിച്ചത്. പരിക്കേറ്റ റെജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടം തെറ്റിയതുമൂലമാണ് കാട്ടുപോത്ത് നാട്ടിലിറങ്ങിയതെന്നാണ് വനപാലകർ പറയുന്നത്. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര മാർക്കറ്റ് ജംഗ്ഷന് സമീപത്തുള്ള തോട്ടം കാട്ടുപോത്തുകളുടെ വിഹാരകേന്ദ്രമാണ്. ഇവിടെ പകൽസമയത്ത് പോലും കാട്ടുപോത്തുകളുടെ ശല്യമുണ്ട്. കാട്ടുപോത്തിറങ്ങി നാട്ടിൽ ആക്രമണം നടത്തിയതോടെ ജനം ഭീതിയിലാണ്. വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.