
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പുനരുദ്ധാരണത്തിന് ബഡ്ജറ്റിൽ 2000 കോടി രൂപയാണ് കോർപറേഷൻ പ്രതീക്ഷിച്ചിരുന്നതെങ്കിൽ, കിട്ടിയത് വർഷങ്ങളായി തുടരുന്ന പതിവ് ഓഹരിയായ ആയിരം കോടി. വരുമാനം വർദ്ധിപ്പിച്ചും അനാവശ്യച്ചെലവുകൾ വെട്ടിക്കുറച്ചും കെ.എസ്.ആർ.ടി.സിയെ ലാഭത്തിലെത്തിക്കുകയാണ് സർക്കാരിനു മുന്നിലെ വെല്ലുവിളിയെന്ന ആമുഖത്തോടെയാണ് പുനരുദ്ധാരണ വിഹിതമായി ആയിരം കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി അറിയിച്ചത്.
കഴിഞ്ഞ തവണ ആദ്യം അനുവദിച്ച ആയിരം കോടി രൂപ പുനരുദ്ധാരണത്തിന് ആയിരുന്നെങ്കിലും, വിനിയോഗിച്ചത് ശമ്പളം, പെൻഷൻ, ഡീസൽ ചെലവുകൾക്കാണ്. അധികമായി അനുവദിച്ച 822 കോടിയും ഈ വഴിക്കു ചെലവായി. പെൻഷൻകാർക്ക് പ്രത്യേക പദ്ധതി പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.
ഹരിത വണ്ടികൾക്ക്
50 കോടി മാത്രം
കെ.എസ്.ആർ.ടി.സിയുടെ മൂവായിരം ബസുകൾ സി.എൻ.ജിയിലേക്കു മാറ്റുമെന്നാണ് മന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞ ബഡ്ജറ്റിൽ പറഞ്ഞത്. 300 കോടി ചെലവുള്ള പദ്ധതിക്ക് കഴിഞ്ഞ വർഷം 100 കോടി നീക്കിവച്ചിരുന്നെങ്കിലും ഒരു ബസു പോലും വാങ്ങിയില്ല.
ഇത്തവണ ഡീസൽ ബസുകൾ സി.എൻ.ജി, എൽ.എൻ.ജി, ഇലക്ട്രിക്കൽ വിഭാഗത്തിലേക്കു മാറ്റാൻ 50 കോടി അനുവദിച്ചിട്ടുണ്ട്. 300 കോടിയുടെ പദ്ധതി സൗകര്യപൂർവം മറക്കുകയും ചെയ്തു. 2016 ബഡ്ജറ്റ് മുതൽ ഹരിതയുഗത്തെക്കുറിച്ച് കേൾക്കുന്നതാണ്. അന്നത്തെ ധനമന്ത്രി തോമസ് ഐസക് സി.എൻ.ജി, ഇലക്ട്രിക് ബസുകൾ വാങ്ങുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു.
കൊച്ചിക്ക് ജല മെട്രോ,
റോ റോ @ 160 കോടി
കൊച്ചി ജല മെട്രോ പദ്ധതിക്ക് 150 കോടി രൂപ
കൊച്ചി നഗരത്തിൽ റോ- റോ സംവിധാനത്തിന് 10 കോടി
സംസ്ഥാന ജലഗതാഗത വകുപ്പിന് 29.79 കോടി
ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന് 8.31 കോടി
കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന് 103.56 കോടി
പുതിയ യാത്രായാനങ്ങൾക്ക് 24 കോടി
ഉൾനാടൻ കനാൽ പദ്ധതിക്ക് 76.55 കോടി