
മുടപുരം: അഴൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്ഷീര കർഷകരും കയർ, മത്സ്യത്തൊഴിലാളികളുമായ സാധാരണക്കാരും പാവപ്പെട്ടവരുമായ കുടുംബങ്ങൾ അധിവസിക്കുന്ന അഴൂർ പഞ്ചായത്തിൽ എസ്.എസ്.എൽ.സി കഴിഞ്ഞ് പ്ലസ് വൺ പഠനത്തിനുള്ള ഏക വിദ്യാലയമാണ് അഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ.
പ്ലസ് വൺ കൊമേഴ്സിൽ 60 കുട്ടികൾക്കും ബയോളജി സയൻസിൽ 60 കുട്ടികൾക്കുമാണ് പ്രവേശനം നൽകുന്നത്.
നിലവിൽ പ്ലസ് വൺ, പ്ലസ്ടു വിഭാഗങ്ങളിലായി 240 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എന്നാൽ അഴൂർ പഞ്ചായത്തിനെ സംബന്ധിച്ച് ഇത് തീരെ അപര്യാപ്തമാണ്. മറ്റ് സ്കൂളുകളിൽ പോയി പഠിക്കാൻ സാധാരണക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടും അനുഭവപ്പെടുന്നു.
നിലവിൽ നിർമ്മാണം നടക്കുന്ന രണ്ട് കെട്ടിടങ്ങളും പൂർത്തിയാകുന്നതോടെ ഹയർ സെക്കൻഡറി സ്കൂളിൽ അടിസ്ഥാന സൗകര്യം വർദ്ധിക്കും. അതുകൊണ്ടുതന്നെ പുതിയ ബാച്ചും പുതിയ കോഴ്സും അനുവദിക്കുന്നതിനായി ഭൗതിക സാഹചര്യം പുതുതായി ഒരുക്കേണ്ടി വരില്ലെന്നാണ് രക്ഷകർത്താക്കൾ പറയുന്നത്. അതിനാൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രക്ഷകർത്താക്കൾ ആവശ്യപ്പെട്ടു. 
അഴൂർ വി.ഇ.ഒ ഓഫീസിന് സമീപം ഹൈസ്കൂൾ വിഭാഗവും അഴൂർ വില്ലേജ് ഓഫീസിന് സമീപം ഹയർ സെക്കൻഡറി വിഭാഗവും പ്രവർത്തിക്കുന്നു. ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തിക്കുന്ന സ്ഥലത്ത് രണ്ട് പുതിയ സ്കൂൾ മന്ദിരങ്ങൾ ഉയരുകയാണ്.
രണ്ടരക്കോടി ചെലവഴിച്ച് മൂന്ന് നില മന്ദിരവും ഒരു കോടി രൂപ ചെലവഴിച്ച് ഇരുനില മന്ദിരവുമാണ് നിർമ്മിക്കുന്നത്. മൂന്ന് നില മന്ദിരത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. ഒരുനില മന്ദിരം നിർമ്മിക്കുന്നതിനായി അടിസ്ഥാനം നിർമ്മിക്കുകയും ഫില്ലറുകൾ വാർക്കുകയും ചെയ്തിട്ടുണ്ട്.
 അഴൂർ പഞ്ചായത്തിലെ സാധാരണക്കാരും പാവപ്പെട്ടവരുമായ ക്ഷീര കർഷകരുടെയും കയർ - മത്സ്യത്തൊഴിലാളികളുടെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിന് നിലവിലുള്ള വിഷയങ്ങളിൽ കൂടുതൽ ബാച്ചും കംപ്യൂട്ടർ സയൻസിനും ഹ്യൂമാനിറ്റീസിനും പുതിയ ബാച്ചും അനുവദിക്കണം.
പി.ആർ. പ്രശാന്തൻ, പ്രസിഡന്റ്, പെരുങ്ങുഴി ക്ഷീരസംഘം