അന്തിമ നിഗമനത്തിലെത്തുക ഫോറൻസിക് ഫലം വന്നശേഷം
തിരുവനന്തപുരം: പച്ചക്കറി വ്യാപാരി പ്രതാപന്റെയും കുടുംബത്തിന്റെയും മരണത്തിനിടയാക്കിയ തീപിടിത്തത്തിന്റെ ഉറവിടം കാർപ്പോർച്ചിൽ നിന്നാണോ ഹാളിൽ നിന്നാണോയെന്ന് ഉറപ്പാക്കാറായില്ലെന്ന് അന്വേഷണസംഘം. കഴിഞ്ഞദിവസം രാത്രി അന്വേഷണസംഘം വീടുനുള്ളിൽ പരിശോധന നടത്തിയിരുന്നു. രണ്ടുസ്ഥലത്തു നിന്നും തീപടരാനുള്ള സാദ്ധ്യതയുണ്ടെന്നാണ് പരിശോധനയിൽ വ്യക്തമായത്. സി.സി ടിവി ദൃശ്യങ്ങൾക്ക് വ്യക്തത വരുത്തുന്നതിനാണ് പൊലീസും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും സംഭവസ്ഥലത്ത് രാത്രി പരിശോധന നടത്തിയത്. അയൽവാസിയായ ബിജുവിന്റെ വീട്ടിലെ സി.സി ടിവിയിൽ രാഹുൽ നിവാസിന്റെ ഇടതുവശത്ത് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വീടിന്റെ ഇടതുവശത്തു നിന്ന് വലതുവശത്തേക്കാണ് തീ വ്യാപിച്ചിരിക്കുന്നതും. സി.സി ദൃശ്യങ്ങളിൽ കാണുന്ന തീ ഹാളിനുള്ളിലാണോ കാർപ്പോർച്ചിലാണോ എന്ന് കണ്ടുപിടിക്കാനാണ് പൊലീസിന്റെ ശ്രമം. ഇതിനായി ഇന്നലെ രാത്രി രാഹുൽ നിവാസിന്റെ ഹാളിലും കാർപോർച്ചിലും വിളക്കുതെളിച്ചും ടോർച്ച് മിന്നിച്ചുമാണ് പരിശോധന നടത്തിയത്. എന്നാൽ ഹാളിൽ നിന്നും കാർപ്പോർച്ചിൽ നിന്നും ഒരേ മാതൃകയിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. ഇന്നലെ ഫോറൻസിക് സംഘവും സ്ഥലത്തെത്തി കൂടുതൽ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇവയുടെ ശാസ്ത്രീയ പരിശോധനയുടെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും അന്വേഷണസംഘം അന്തിമ നിഗമനത്തിലെത്തുക. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഡെപ്യൂട്ടി ചീഫ് എൻജിനിയർ റഫിയുദ്ദീനും വർക്കല സി.ഐ പ്രശാന്തും സംഭവത്തിൽ വ്യക്തത വരുത്താനായി കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്.