
ഡോ. മേരി ജോർജ്
കേരളത്തെ വിജ്ഞാന സമ്പദ് ഘടനയാക്കി മാറ്റുകയാണ് സംസ്ഥാന ബഡ്ജറ്റിന്റെ പ്രധാന ലക്ഷ്യം. ഇതിന്കഴിഞ്ഞ സർക്കാരുകളും ശ്രമിച്ചിരുന്നു. ഇപ്പോഴാണ് ആ ലക്ഷ്യത്തിന് ദിശാബോധം വന്നത്. വിജ്ഞാന സമ്പദ് ഘടന രൂപപ്പെടുത്തുന്നതിനു പ്ളേ സ്കൂൾ മുതലുള്ള വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധ പതിയുന്നുണ്ട്. സർവകലാശാലകളെ യഥാർത്ഥ ഗവേഷണ കേന്ദ്രങ്ങളാക്കി മാറ്റാൻ ബഡ്ജറ്റ് ലക്ഷ്യമിടുന്നുണ്ട്. 
ആ ഉദ്ദേശ്യത്തോടെ തന്നെ യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട് ഇന്നൊവേഷൻ മിഷനുകളും സ്റ്റാർട്ടപ്പ് സംസ്കാരവും കോളേജുകൾക്കൊപ്പം ചേർന്ന് സംരംഭകത്വ നൈപുണ്യ വികസനവുമൊക്കെ മികച്ചതാണ്. സർവകലാശാലകളിൽ നിന്ന് പുറത്തുവരുന്ന കുട്ടികൾക്ക് തൊഴിൽ പരിശീലനമില്ലെന്ന പരാതിക്കും പരിഹാരമാകും.
കേരളത്തിൽ ലഭ്യമായ ഉത്പന്നങ്ങളുടെ മൂല്യവർദ്ധനയും വിപണന സാദ്ധ്യതയും ബഡ്ജറ്റിൽ ആരായുന്നുണ്ട്. കാർഷിക മേഖലയുടെ സമഗ്ര വളർച്ചയ്ക്കായി പുതിയ ലക്ഷ്യത്തിലേക്ക് കടക്കുകയാണ്. 
കഷ്ടപ്പെടുന്ന കർഷകർക്ക് ഏറെ സഹായകമാകുന്നതാണ് തോട്ടവിളകളിൽ ഇടവിളകൾ കൃഷി ചെയ്യാനുള്ള തീരുമാനം. അനുഗ്രഹീതമായ ദിശാമാറ്റമാണിത്. നെല്ലിന്റെ സബ്സിഡി 28.20 ആയി ഉയർത്തിയത് സ്വാഗതാർഹം. ആരോഗ്യ മേഖലയ്ക്ക് ഊന്നൽ കൊടുത്തിട്ടുണ്ടെങ്കിലും 2017ലെ കേന്ദ്ര ആരോഗ്യ നയമനുസരിച്ച് ജി.എസ്.ടി.പിയുടെ 8 ശതമാനം ആരോഗ്യമേഖലയിൽ ചെലവഴിക്കണമെന്ന തീരുമാനം ലക്ഷ്യം കണ്ടിട്ടില്ല.
ആ നയം നടപ്പിലായാലേ ആരോഗ്യ രംഗത്ത് മികച്ച വികസനം ഉണ്ടാകൂ. ഒരുപാട് നല്ല പ്രതീക്ഷകൾ നൽകുന്ന ബഡ്ജറ്റാണിത്. പക്ഷേ, ബഡ്ജറ്റിനകത്തുള്ള കടം നോക്കുമ്പോൾ ഇത് കേരളത്തെ കൂടുതൽ കടക്കെണിയിലേക്ക് കൊണ്ടുപോകില്ലേയെന്ന് ആശങ്കപ്പെട്ടാൽ അത്ഭുതപ്പെടാനാകില്ല.
പ്രതിസന്ധി  പരിഹരിക്കാൻ
നിർദ്ദേശങ്ങളില്ല
വി.കെ. വിജയകുമാർ
ഗുരുതര കണക്കെണിയിലേക്ക് നീങ്ങുന്ന കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ബഡ്ജറ്റിലില്ല. ചെലവുചുരുക്കലിനുള്ള നിർദ്ദേശങ്ങളുമില്ല. ആരോഗ്യ, വിദ്യാഭ്യാസമേഖലകളിൽ കൂടുതൽ തുക വകയിരുത്തിയത് അഭിനന്ദനാർഹമാണ്. രണ്ട് ഐ.ടി പാർക്കുകൾ, നാല് ഐ.ടി ഇടനാഴികൾ, 20 ഐ.ടി സാറ്റലൈറ്റ് ഹബ്ബുകൾ എന്നിവയ്ക്ക് 1,000 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ പ്രായോഗികതലത്തിൽ നടപ്പാക്കുമ്പോൾ ഫലപ്രദമാവാറില്ലെന്നാണ് മുൻ അനുഭവങ്ങൾ. അത് ആവർത്തിക്കാതിരിക്കാൻ നോക്കണം. കേരളം ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥചിത്രം വെളിപ്പെടുത്താൻ ധനമന്ത്രിക്ക് ബാദ്ധ്യതയുണ്ടായിരുന്നു. അത് അദ്ദേഹം നിറവേറ്റിയതായി കാണുന്നില്ല.