തൊളിക്കോട്: തൊളിക്കോട്ട് സി.പി.എം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ സമീർ, കോൺഗ്രസ് പ്രവർത്തകനും മുൻ പഞ്ചായത്തംഗവുമായ തൊളിക്കോട് ഷംനാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. തൊളിക്കോട് ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡിൽ കുടംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന സ്ത്രീപക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സമീറും സംഘവും ചുവർചിത്രം വരയ്ക്കുന്നതിനിടെയാണ് പ്രശ്നമുണ്ടായത്. വെയിറ്റിംഗ് ഷെഡിൽ ചിത്രംവരച്ച് വൃത്തിഹീനമാക്കരുതെന്ന് സ്ഥലത്തെത്തിയ ഷംനാദ് സമീറിനോട് പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്രം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. സംഭവത്തെ തുടർന്ന് തൊളിക്കോട് ജംഗ്ഷനിൽ ഇരു പാർട്ടികളുടെയും പ്രവർത്തകരും നേതാക്കളും തടിച്ചുകൂടിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഇതോടെ നെടുമങ്ങാട് ഡിവൈ.എസ്.പിയും വിതുര പൊലീസും സ്ഥലത്തെത്തി നേതാക്കളുമായി ചർച്ച നടത്തി പ്രവർത്തകരെ പിരിച്ചുവിടുകയായിരുന്നു. സമീറിനെ അകാരണമായി മർദ്ദിച്ച ഷംനാദിനെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട്ട് പ്രകടനം നടത്തി. എന്നാൽ സി.പി.എം മനപൂർവം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരനും പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിമും ആരോപിച്ചു. സംഘർഷത്തെ തുടർന്ന് തൊളിക്കോട്ട് പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.