
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിഫ്ടിനുവേണ്ടി സർവീസ് നടത്തുന്നതിനുള്ള എയർ സസ്‌പെൻഷനോട് കൂടിയ 72 നോൺ എ.സി ഡീലക്‌സ് ബസുകളിൽ 15 ബസുകൾ ആനയറയിലെ സിഫ്റ്റ് ആസ്ഥാനത്ത് ഇന്നലെയെത്തി. 33.79 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. അശോക് ലൈലാന്റ് ഷാസിയിലാണ് നിർമ്മിച്ചിരിക്കുന്നത്. സൗകര്യപ്രദമായ റിക്ലൈനിംഗ് സീറ്റുകളോടുകൂടിയ ഈ ബസിൽ 41 യാത്രക്കാർക്ക് സുഖമായി യാത്ര ചെയ്യാനാകും.
തൃച്ചിയിലുള്ള ഗ്ലോബൽ ടി.വി.എസ് എന്ന പ്രമുഖ ബസ് ബോഡി നിർമ്മാതാക്കളാണ് 72 ബസുകൾക്ക് ബോഡി നിർമ്മിച്ചിരിക്കുന്നത്. സ്വിഫ്റ്റിനുവേണ്ടിയുള്ള ഡ്രൈവർ കം കണ്ടക്ടർ തസ്‌തികയിലേക്ക് ആദ്യ ദിവസം 103 പേരുടെ കരാർ ഒപ്പിടലും സർട്ടിഫിക്കറ്റ് പരിശോധനയും പൂർത്തിയായി. യോഗ്യതാപട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ 250 പേരെ കരാർ ഒപ്പിടുന്നതിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. അതിൽനിന്നുള്ള ആദ്യ 125 പേരെയാണ് ഇന്നലെ റിപ്പോർട്ട് ചെയ്യാൻ അറിയിച്ചിരുന്നത്.