
വിഴിഞ്ഞം: വിഴിഞ്ഞം ഹാർബർ റോഡ് ഐ.ബിക്ക് സമീപത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെട്ട് രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി.
ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വിഴിഞ്ഞം ടൗൺഷിപ്പ് കോളനി നിവാസികളായ നിസാമുദ്ദീൻ - ഫാത്തിമ കണ്ണ് ദമ്പതികളുടെ മകൻ നിസാർ (13), ഉബൈദ് റഹ്മാൻ - ഫാത്തിമ ദമ്പതിമാരുടെ മകൻ മെഹ്‌റൂഫ് (12) എന്നിവരാണ് മരിച്ചത്.വെങ്ങാനൂർ വി.പി എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ് ഇരുവരും. ഇവരോടൊപ്പം തിരയിൽ പെട്ട വിഴിഞ്ഞം കപ്പച്ചാൽ വീട്ടിൽ പീരു മുഹമ്മദിന്റെ മകൻ സുഫിയാൻ (12) നെ സമീപവാസിയായ മത്സ്യത്തൊഴിലാളി രക്ഷപ്പെടുത്തി. സുഫിയാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
സുഹൃത്തുക്കളായ അഞ്ചുപേരാണ് കുളിക്കാനിറങ്ങിയത്. മൂന്നുപേർ തിരയിൽ പെട്ടതോടെ ഭയന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി തെരച്ചിൽ നടത്തി. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്‌മെന്റ്, മറൈൻ ആംബുലൻസ്, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്ന് നിസാറിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മണിക്കൂറിലേറെ നീണ്ട തെരച്ചിലിനു ശേഷമാണ് മെഹ്റൂഫിന്റെ മൃതദേഹം കണ്ടെത്തിയത്.
വിഴിഞ്ഞം കോസ്റ്റൽ പൊലീസ് കേസെടുത്തു. സുഹൈബ്, മുഹ്സിന, മുഫീദ എന്നിവർ മെഹ്റൂഫിന്റെ സഹോദരങ്ങളും നിസാന നിസാറിന്റെ സഹോദരിയുമാണ്.