suspension

പോത്തൻകോട്: കൊലക്കേസ് പ്രതികളായ ഗുണ്ടാസംഘത്തോടൊപ്പം യൂണിഫോമിൽ മദ്യസത്കാരത്തിൽ പങ്കെടുത്ത പൊലീസുകാരനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പോത്തൻകോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ജിഹാനെയാണ് റേഞ്ച് ഡി.ഐ.ജി ആർ നിശാന്തിനി സസ്പെൻഡ് ചെയ്തത്. അടുത്ത കാലത്ത് കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപുവിന്റെ സംഘത്തിലുള്ളവരാണ് സത്കാരം നടത്തിയത്.

ഗുണ്ടയും പല കേസുകളിലും പ്രതിയുമായ അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലായിരുന്നു മദ്യസത്കാരം. പൊലീസുകാരനും ഇവരും തമ്മിൽ ഉറ്റ ബന്ധമുള്ളതായാണ് റിപ്പോർട്ട്.മെന്റൽ ദീപു കൊല്ലപ്പെടുന്നതിന് മൂന്നുദിവസം മുമ്പായിരുന്നു സത്കാരം.ഗുണ്ടകൾക്കൊപ്പം യൂണിഫോമിൽ മദ്യ സത്കാരത്തിൽ പങ്കെടുക്കുന്ന ജിഹാന്റെ ഫോട്ടോ റേഞ്ച് ഡി.ഐ.ജി നിശാന്തിനിക്ക് ചിലർ കൈമാറിയിരുന്നു. തുടർന്ന് ഡി.ഐ.ജി തന്നെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. ഇയാൾക്കെതിരെ ലോക്ക് ഡൗൺ സമയത്ത് അനധികൃത വിദേശ മദ്യം കടത്തുന്നതിന് ഒത്താശ നൽകിയതിന്റെ പേരിൽ അന്വേഷണം നടക്കുന്നുണ്ട്‌.

പോത്തൻകോട് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്യാമിനെതിരെയും ഗുരുതര ആരോപണം ഉയർന്നതിനെ തുടർന്ന് വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണ്ണ് മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് അന്വേഷണം. ഗൂഗിൾ പേ വഴി മണ്ണ് മാഫിയയിൽ നിന്ന് വൻ തുക കൈപ്പറ്റിയതിന്റെ രേഖകൾ റൂറൽ എസ്.പിക്കും ഡി.ഐ.ജിക്കും ലഭിച്ചിരുന്നു. അന്വേഷണത്തിന് ശേഷം നടപടിയുണ്ടാകുമെന്നാണ് സൂചന.