കിളിമാനൂർ: കാർഷിക വിളകൾ നശിപ്പിച്ചും മറ്റും നാട്ടുകാരുടെ സ്വര്യജീവിതം കെടുത്തിയ വാനരപ്പടയെ കൂടുകൾ സ്ഥാപിച്ച് പിടികൂടുവാൻ പദ്ധതി നടപ്പിലാക്കി പഴയ കുന്നുമ്മൽ പഞ്ചായത്ത്. കൃഷി വകുപ്പിന്റെയും വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ കുരങ്ങുശല്യം രൂക്ഷമായ പതിമൂന്ന് വാർഡുകളിലാണ് കൂടുകൾ സ്ഥാപിക്കുന്നത്. മൂന്നുലക്ഷം രൂപ ചെലവഴിച്ചണ് കൂടുകൾ നിർമ്മിച്ചിരിക്കുന്നത്. കൂടിനുള്ളിൽ വീഴുന്ന കുരങ്ങുകളെ വനംവകുപ്പ് ഉൾവനങ്ങളിൽ തുറന്നുവിടും. കൂടാതെ കർഷകരെ ഏറെബുദ്ധിമുട്ടിക്കുന്ന കാട്ടുപന്നികളെ പിടികൂടാനുള്ള തയ്യാറെടുപ്പും പഞ്ചായത്ത് നടത്തുന്നുണ്ട്. മഞ്ഞപ്പാറ വാർഡിൽ കൂട് സ്ഥാപിക്കുന്നത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ. രാജേന്ദ്രൻ നിർവഹിച്ചു. പഴയകുന്നുമ്മൽ കൃഷി ഓഫീസർ ബീന അശോക് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡംഗം ദീപ്തി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എസ്.വി. ഷീബ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി, രതി പ്രസാദ്, അനിൽകുമാർ, സുമ സുനിൽ, ശ്രീലത, ഷീജ സുബൈർ, സരളമ്മ, ഫോറസ്റ്റ് ഓഫീസർ ബാബു എന്നിവർ പങ്കെടുത്തു.