
നെയ്യാറ്റിൻകര: വിവിധ ആവശ്യങ്ങൾക്കായി നെയ്യാറ്റിൻകര നഗരസഭാ പരിധിയിലെത്തുന്ന കച്ചവടക്കാരടക്കമുള്ള പൊതുജനങ്ങൾ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ലാതെ നെട്ടോട്ടമോടുന്നു. അടിസ്ഥാന സൗകര്യമൊരുക്കാൻ നഗരസഭയും വൃത്തിയായി പരിപാലിക്കാൻ പൊതുജനവും തയ്യാറാകാത്തതാണ് പൊതുയിടങ്ങളിലെ ടോയ്‌ലെറ്രുകൾ പെട്ടെന്ന് പൂട്ടിടാൻ കാരണമാകുന്നത്. നഗരസഭ പരിധിയിലെ പൊതുടോയ്‌ലെറ്രുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകും വിധത്തിൽ തുറന്ന് പ്രവർത്തിപ്പിക്കാൻ നഗരസഭ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്.
നെയ്യാറ്റിൻകര ടൗണിലെ അക്ഷയ ഷോപ്പിംഗ് കോംപ്ലക്സ്, ബസ് സ്റ്റാൻഡ് ജംഗ്ഷൻ, ആശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിലും പെരുമ്പഴുതൂർ, ആറാലുംമൂട്, കൊടങ്ങാവിള, ഓലത്താന്നി, അമരവിള, ടി.ബി ജംഗ്ഷൻ എന്നിവിടങ്ങളിലെ മാർക്കറ്റുകളിലും പൊതുടോയ്‌ലെറ്രുകൾ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാൽ ഇവയെല്ലാം യാതൊരുവിധത്തിലുള്ള വൃത്തിയും വെടിപ്പുമില്ലാതെ ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയിലാണ്. മിക്കയിടങ്ങളിലും പൈപ്പുകൾ പൊട്ടിയും വാതിലുകൾ തകർന്ന അവസ്ഥയിലുമാണ്. മാർക്കറ്റുകളിൽ ചുങ്കപ്പിരിവുണ്ടെങ്കിലും ഇവിടെ ശുചീകരണം നടത്താൻ ആരും മെനക്കടാറില്ല. മാസങ്ങളായി ഒട്ടുമിക്ക ടോയ്‌ലെറ്രുകളും പൂട്ടിയിട്ടിരിക്കുകയാണ്. നവീകരണ പ്രവൃത്തികൾക്കായാണ് ഇതെന്നാണ് അധികൃതരുടെ വാദം. പൊതുയിടങ്ങളിൽ മാലിന്യനീക്കമടക്കമുള്ള ജോലിക്കായി നഗരസഭ ശുചീകരണ തൊഴിലാളികളുണ്ടെങ്കിലും ഇവിടങ്ങളിലെ പൊതുടോയ്‌ലെറ്രുകൾ വൃത്തിയാക്കൽ ഇവരുടെ ജോലിയുടെ ഭാഗമല്ലെന്നാണ് അഭിപ്രായം.
പൊതുടോയ്‌ലെറ്റുകളിൽ സൗകര്യങ്ങൾ ഉറപ്പുവരുത്തി ജനങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.