dd

തിരുവനന്തപുരം: നഗരവാസികളുടെ സ്വൈരജീവിതത്തെ വെല്ലുവിളിച്ച് രാത്രികാലങ്ങളിൽ തെരുവ്നായ്‌ക്കളുടെ

ആക്രമണം വർദ്ധിക്കുന്നു. വാഹനങ്ങൾക്ക് മുന്നിലേക്ക് നായ്ക്കൾ ചാടിവീഴുന്നതിനാൽ അപകടങ്ങളും പെരുകുകയാണ്. ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിലേറെയും. രാത്രിസമയങ്ങളിൽ വാഹനങ്ങൾക്ക് പിന്നാലെ കുരച്ചുകൊണ്ട് ഓടുന്ന നായ്‌ക്കൾ ഇരുചക്രയാത്രക്കാർക്ക് വലിയ ഭീഷണിയാണ്. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളും പൊതുമാർക്കറ്റുകളുടെ പ്രവർത്തനവും പൂർവ സ്ഥിതിയിലായതോടെയാണ് തെരുവ് നായ്‌ക്കളും സജീവമായത്. നായശല്യം അമർച്ചചെയ്യാൻ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

ജീവൻ പണയംവച്ച് നഗരയാത്ര

നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ നഗരം രാത്രിയും സജീവമാണ്. 9.30നുള്ള സെക്കൻഡ് ഷോ കഴിഞ്ഞ് രാത്രി 11.45നും പല തിയേറ്ററുകളിലും സിനിമാപ്രദർശനമുണ്ട്. ഇതോടെ തട്ടുകടകളും ഹോട്ടലുകളും ജ്യൂസ് കോർണറുകളും അർദ്ധരാത്രിയിലും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വിനോദത്തിനായി രാത്രി തെരുവിലിറങ്ങുന്നവർക്ക് നായ്‌ക്കളെ പേടിച്ച് വണ്ടിയോടിക്കേണ്ട അവസ്ഥയാണ്. അടുത്തിടെയാണ് തെരുവ്നായ്‌ക്കൾ കൂട്ടത്തോടെ ഓടി വഞ്ചിയൂരിൽ കാർ ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടപ്പെട്ട് അപകടമുണ്ടായത്. പാറ്റൂർ,അമ്പലത്തുമുക്ക്,വഞ്ചിയൂർ,ആനയറ,ചാക്ക,കുമാരപുരം,കിഴക്കേകോട്ട,കുടപ്പനക്കുന്ന്,പേരൂർക്കട,അമ്പലമുക്ക് ഭാഗങ്ങളിലെല്ലാം രാത്രിയായാൽ തെരുവ്നായ്‌ക്കളുടെ വിഹാരകേന്ദ്രമാണ്.

ദത്തെടുക്കാൻ പ്രോത്സാഹിപ്പിക്കണം
തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിന് ഷെൽട്ടർ,അഡോപ്ഷൻ സെന്ററുകൾ,ഫീഡിംഗ് പോയിന്റുകൾ എന്നിവ നടപ്പാക്കണമെന്ന് തദ്ദേശസ്ഥാപനങ്ങളോട് സംസ്ഥാന അനിമൽ വെൽഫെയർ ബോർഡ് ശുപാർശ ചെയ്‌തിരുന്നു. വിവിധ തദ്ദേശസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കാൻ രംഗത്തുവരുന്നുമുണ്ട്. ഇതിനുവേണ്ടി പ്രത്യേകം കേന്ദ്രങ്ങൾ സ്ഥാപിക്കുകയും പ്രത്യേകം അംഗങ്ങളെ ചുമതലപ്പെടുത്തുകയും വേണം.തിരുവനന്തപുരം നഗരസഭയിൽ ദത്തെടുക്കലിനായി ആകെ നടത്തിയത് ഒരു ക്യാമ്പ് മാത്രമാണ്. അതേസമയം, നഗരവാസികളിൽ ഭൂരിപക്ഷം പേർക്കും മുന്തിയ ഇനം നായ്‌ക്കളോടാണ് താത്പര്യം. ഇവരാരും തന്നെ തെരുവ്‌നായ്‌ക്കളെ ദത്തെടുക്കാൻ താത്പര്യപ്പെടുന്നില്ല.

നായ്‌ക്കളുടെ കണക്കില്ല

ആറ് വർഷം മുമ്പ് നഗരസഭ നടത്തിയ സർവേയിൽ നഗരത്തിലെ തെരുവ്നായ്‌ക്കളുടെ എണ്ണം 9500 ആയിരുന്നു. 5 വർഷം കഴിഞ്ഞിട്ടും പുതിയൊരു സർവേ നടത്താൻ കോർപ്പറേഷൻ തയ്യാറായിട്ടില്ല. നഗരത്തിൽ തെരുവ്നായ്‌ക്കൾ 12000 പിന്നിട്ടിരിക്കാമെന്നാണ് അനൗദ്യോഗിക കണക്ക്.