
പൊതുഖജനാവിലെ പണം മുടക്കാതെ നമ്മുടെ കുട്ടികൾക്ക് മികവുറ്റ പഠനസൗകര്യം ലഭ്യമാക്കുന്ന സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ ഉടൻ അനുമതി നൽകും. അത്യാധുനിക കോഴ്സുകളും പഠനസൗകര്യങ്ങളും മികച്ച അക്കാഡമിക് നിലവാരവുമൊരുക്കുന്ന സ്വകാര്യ സർവകലാശാലകൾ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുഖച്ഛായ മാറ്റുന്നതായിരിക്കും. സ്വയംഭരണ പദവിയുള്ള കോളേജുകൾക്കും ഇരുപത് വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമാവും ആദ്യഘട്ടത്തിൽ സ്വകാര്യസർവകലാശാല ആരംഭിക്കാൻ അനുമതി നൽകുക. ഇതോടെ എൻജിനിയറിംഗ്, മെഡിക്കൽ, നിയമം, മാനേജ്മെന്റ് മേഖലകളിൽ സർവകലാശാലകൾ ആരംഭിക്കാനാവും. യു.ജി.സി ചട്ടങ്ങൾ അടിസ്ഥാനപ്പെടുത്തി ഇതിനായി നിയമനിർമ്മാണം വേണ്ടിവരും. നയരൂപീകരണവും നിയമനിർമാണവും നടത്തുന്നത് പഠിക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. സർക്കാർ പണം മുടക്കാതെ മികവുറ്റ പഠനസൗകര്യം ലഭ്യമാവുന്നതോടെ കേരളം ഉന്നതവിദ്യാഭ്യാസ ഹബായി മാറും. മികച്ച വിദ്യാഭ്യാസം തേടി അന്യസംസ്ഥാനങ്ങളിലേക്കും അന്യരാജ്യങ്ങളിലേക്കും കുട്ടികളുടെ പാച്ചിലിനും അറുതിയാവും. സ്വകാര്യപങ്കാളിത്തത്തോടെ കൂടുതൽ സ്ഥാപനങ്ങളുണ്ടായാലേ ആരോഗ്യ, സാങ്കേതിക വിദഗ്ദ്ധരെ കൂടുതലായി സൃഷ്ടിക്കാനാവൂ.
സ്വയംഭരണ പദവിയുള്ള രാജഗിരി കോളജ് ഒഫ് സോഷ്യൽ സയൻസ് കൽപിത സർവകലാശാലയാക്കാൻ അനുമതി തേടിയതിനു പിന്നാലെ ഡൽഹിയിലെ അമിറ്റി ഗ്രൂപ്പ്, ഒരു അതിരൂപത, ഗൾഫിലെ വിദ്യാഭ്യാസ ഗ്രൂപ്പ്, കർണാടകത്തിലെ മെഡിക്കൽ സർവകലാശാല എന്നിങ്ങനെ സർവകലാശാലകൾ തുടങ്ങാൻ വൻഗ്രൂപ്പുകൾ രംഗത്തുണ്ട്. നഷ്ടത്തിലായ സ്വാശ്രയ മെഡിക്കൽ കോളേജുകളുമായി ചേർന്ന് അന്യസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ഗ്രൂപ്പുകൾ മെഡിക്കൽ സർവകലാശാല തുടങ്ങാനും പദ്ധതിയിടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യമൊരുക്കുന്ന നയരൂപീകരണം നടത്തണമെന്നും
സ്വകാര്യമേഖലയിൽ മികച്ച സ്ഥാപനങ്ങളുണ്ടാക്കാൻ സ്ഥലം അനുവദിക്കാൻ സംസ്ഥാനങ്ങൾ തയ്യാറാവണമെന്നുമാണ് കേന്ദ്രനിർദ്ദേശം. അയൽസംസ്ഥാനങ്ങളിൽ പൊതുപണം മുടക്കാതെ, ലോകോത്തര സ്ഥാപനങ്ങൾ ഉയർന്നുകഴിഞ്ഞു. തമിഴ്നാട്ടിൽ സർക്കാർ നിയന്ത്രണത്തിൽ 22 സർവകലാശാലകളുള്ളപ്പോൾ സ്വകാര്യ, കൽപ്പിത സർവകലാശാലകൾ 35എണ്ണമുണ്ട്. മാരിടൈം സർവകലാശാല, വനിതകൾക്ക് മാത്രമായുള്ള സർവകലാശാല, മൂന്ന് മെഡിക്കൽ സർവകലാശാലകൾ എന്നിവയുമുണ്ട്. കർണാടകത്തിൽ 30 സ്വകാര്യ, കൽപ്പിത സർവകലാശാലകളുണ്ട്. കൂടുതലും മെഡിക്കൽ, എൻജിനിയറിംഗ് പഠനത്തിനുള്ളവ. കഴിഞ്ഞ ഏപ്രിലിലും അഞ്ചെണ്ണത്തിന് അനുമതി നൽകി. ആറ് അപേക്ഷകൾക്ക് ഉടൻ അനുമതിനൽകും. ഇവിടങ്ങളിലെ മാതൃകയിലുള്ള നിയമമായിരിക്കും കേരളത്തിലും നിലവിൽവരിക.
സംസ്ഥാനത്ത് 19 ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്കും മൂന്ന് സ്വാശ്രയ എൻജിനിയറിംഗ് കോളേജുകൾക്കും സ്വയംഭരണ പദവിയുണ്ട്. ഇതിൽ മിക്കതും ഘട്ടംഘട്ടമായി സ്വകാര്യ-കൽപ്പിത സർവകാശാലകളായി മാറിയേക്കും. യു.ജി.സി ചട്ടപ്രകാരം ഇരുപതു വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സർവകലാശാലയ്ക്കായി അപേക്ഷിക്കാം. കുട്ടികളില്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലായ എൻജിനിയറിംഗ് കോളേജുകളും അവയുടെ സ്ഥലവും സൗകര്യങ്ങളുമുപയോഗിച്ച് അന്യസംസ്ഥാന ഗ്രൂപ്പുകൾക്ക് സ്വകാര്യസർവകലാശാല തുടങ്ങാനാവും. യു.ജി.സി അനുമതിയോടെ പുതുതലമുറ കോഴ്സുകൾ യഥേഷ്ടം ആരംഭിക്കാം. പ്രവേശനം, ഫീസ്, സിലബസ്, പരീക്ഷാനടത്തിപ്പ്, എന്നിവയിൽ സ്വകാര്യ സർവകലാശാലകൾക്ക് പൂർണ അധികാരമുണ്ടാവും. മെരിറ്റ്, സംവരണം, ഫീസിളവ്, സ്കോളർഷിപ്പ് എന്നിവ ഉറപ്പാക്കാനുള്ള നിയമനിർമ്മാണമായിരിക്കും കേരളത്തിൽ നടത്തുക. നിലവിലെ നിയമപ്രകാരം നിയന്ത്രണസമിതിയിൽ യു.ജി.സിയുടെ ഒരു പ്രതിനിധിയുണ്ടാവുമെങ്കിലും പരാതികൾ പരിഹരിക്കേണ്ടത് സർവകലാശാലയുടെ പ്രൊമോട്ടർമാരടങ്ങിയ കോർട്ടായിരിക്കും.
സ്വാശ്രയമേഖലയിൽ ഒരു മെഡിക്കൽകോളേജ് നിർമ്മിക്കാൻ 2500കോടി മുടക്കണം. സർവകലാശാലയ്ക്ക് ഇതിന്റെ പലമടങ്ങ് നിക്ഷേപം വേണം. സർവകലാശാലകളോട് ചേർന്ന് ഷോപ്പിംഗ്, വിനോദ, ഭവന സമുച്ചയങ്ങൾ ഉയരും. ഇതിലൂടെ വൻനിക്ഷേപമാണുണ്ടാവുക.
അഞ്ചുവർഷം പ്രവർത്തിച്ചാൽ സംസ്ഥാനത്തെവിടെയും ഓഫ് കാമ്പസ്, സ്റ്റഡി സെന്ററുകൾ തുടങ്ങാൻ കഴിയും. മികച്ച സ്ഥാപനങ്ങളുണ്ടായാൽ വിദേശവിദ്യാർത്ഥികളടക്കം പഠനത്തിനെത്തും. ഇത് ടൂറിസം രംഗത്തിനും നേട്ടമാണ്. 51 രാജ്യങ്ങളിലേക്ക് മെഡിക്കൽ പഠനത്തിന് മലയാളികൾ പോവുന്നുണ്ട്. അയൽരാജ്യമായ നേപ്പാൾ മുതൽ കരീബിയൻ ദ്വീപുരാജ്യമായ ക്യുറാസാവോയിൽ വരെയാണ് പഠനം. 37 ശതമാനം മാത്രമാണ് കേരളത്തിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്നവർ. ഇത് 75 ശതമാനമാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ എൻറോൾമെന്റ് ശതമാനം 26 മാത്രമാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരുടെ എണ്ണം 22 ലക്ഷമാക്കി ഉയർത്തുകയാണ് ലക്ഷ്യം. നിലവിൽ അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്നവരടക്കം 17 ലക്ഷത്തിനടുത്താണ്.
സ്വകാര്യ സർവകലാശാലയ്ക്ക് അപേക്ഷിക്കാൻ കർശന നിബന്ധനകളുണ്ട്. ഇരുപതു വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കേ അപേക്ഷിക്കാനാവൂ. 3.26നാക് ഗ്രേഡിംഗ് ലഭിച്ചിരിക്കണം. നഗരങ്ങളിൽ 20ഏക്കർ, ഗ്രാമങ്ങളിൽ 30 ഏക്കർ ഭൂമിയുള്ള കോർപറേറ്റ് മാനേജ്മെന്റുകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവയ്ക്ക് അപേക്ഷിക്കാം. മൂന്നിൽ രണ്ട് സാങ്കേതിക കോഴ്സുകൾക്ക് എൻ.ബി.എ അക്രഡിറ്റേഷൻ, എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ ആദ്യ അമ്പതിനുള്ളിൽ വേണം. ഇരുപതുകോടി സ്ഥിരനിക്ഷേപവും മുപ്പതുകോടി പ്രവർത്തനഫണ്ടും വേണം. അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:20ൽ കുറയരുത്.
ആറുവർഷം വെറുതേ കളഞ്ഞു
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തിരുന്നെങ്കിലും എൽ.ഡി.എഫ് എതിർത്തു. 2016ൽ കോവളത്ത് ആഗോളവിദ്യാഭ്യാസ സംഗമത്തിനിടെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാനായിരുന്ന ടി.പി.ശ്രീനിവാസനെ നടുറോഡിൽ എസ്.എഫ്.ഐക്കാർ ആക്രമിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണങ്ങൾ വകവയ്ക്കാതെ യു.ജി.സിയുടെ അംഗീകാരത്തോടെ സ്വകാര്യ സർവകലാശാലകൾ കേരളത്തിലേക്ക് വരുന്നത് മുളയിലേ നുള്ളണമെന്നായിരുന്നു മുൻമന്ത്രി കെ.ടി.ജലീലിന്റെ നിലപാട്. മുൻനിലപാടുകളല്ലാം തള്ളിയാണ് സ്വകാര്യസർവകലാശാലകൾക്ക് അനുമതി നൽകുന്നതിന് നയരൂപീകരണവും നിയമനിർമാണവും നടത്തുന്നതിന് റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയത്.