hll

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ (പഴയ ഹിന്ദുസ്ഥാൻ ലാറ്റക്സ് ) സ്വകാര്യ മേഖലയ്ക്കു കൈമാറാനുള്ള ലേലനടപടികൾ തുടങ്ങാനിരിക്കുകയാണ്. ഏഴു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സ്ഥാപനത്തിന്റെ ഒരു യൂണിറ്റ് 1967 മുതൽ കേരളത്തിലും പ്രവർത്തിച്ചുവരുന്നു. അൻപതു വർഷത്തിനിടയിൽ ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയ സ്ഥാപനമാണിത്. എച്ച്.എൽ.എലിന്റെ നൂറുശതമാനം ഓഹരികളും വിൽക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. സംസ്ഥാനം സൗജന്യമായി നൽകിയ 19 ഏക്കർ ഭൂമിയിലാണ് തിരുവനന്തപുരത്തെ എച്ച്.എൽ.എൽ പ്രവർത്തിക്കുന്നത്. പേരും പെരുമയുമുള്ള സ്ഥാപനം ഏറ്റെടുത്തു നടത്താൻ സംസ്ഥാനം ആഗ്രഹിക്കുന്നത് സ്വാഭാവികം. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്നതിന് സംസ്ഥാനം പണ്ടേ എതിരുമാണ്.

കേന്ദ്രം കൈയൊഴിയുന്ന സ്ഥാപനം വില്പനയ്ക്കു വയ്ക്കുമ്പോൾ ലേലനടപടികളിൽ പങ്കെടുക്കാൻ സംസ്ഥാനങ്ങൾക്കോ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കോ സഹകരണ സംഘങ്ങൾക്കോ അവകാശമില്ലെന്നാണ് കേന്ദ്ര നിലപാട്. വിചിത്രമായ നിലപാടിൽ കേരളത്തിന്റെ പ്രതിഷേധം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ലേലത്തിൽ പങ്കെടുക്കാൻ കേരളത്തിനും അവസരം നൽകണമെന്ന ശക്തമായ ആവശ്യവും ഉന്നയിച്ചു. താത്‌പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുകളിൽ സംസ്ഥാനമോ അതിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളോ ലേലത്തിൽ പങ്കെടുക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനത്തെ വിലക്കാനുള്ള തീരുമാനത്തിന് നിയമപരമായ നിലനില്പില്ലെന്ന് മാത്രമല്ല ഫെഡറൽ സങ്കല്പത്തിന് തീർത്തും വിരുദ്ധവുമാണിത്. തങ്ങൾക്ക് വേണ്ടാതായ സ്ഥാപനം ആര് വാങ്ങുന്നെന്ന് നോക്കേണ്ട ബാദ്ധ്യത കേന്ദ്രത്തിനില്ല. സ്ഥാപനം അനഭിലഷണീയ ശക്തികളുടെ കൈകളിൽ പോകാതിരിക്കാനുള്ള മുൻകരുതലുണ്ടാവണം. അതേസമയം ഏതെങ്കിലും സംസ്ഥാനം ഉത്തമ താത്‌പര്യത്തോടെ മുന്നോട്ടുവരുമ്പോൾ നിയമ പ്രാബല്യമില്ലാത്ത നിബന്ധനകൾ ചൂണ്ടിക്കാട്ടി മാറ്റിനിറുത്തുന്നത് എതിർക്കപ്പെടണം.

കേന്ദ്ര പൊതുമേഖലാ സ്ഥാപനം പരസ്യലേലത്തിനു വയ്ക്കുമ്പോൾ കേന്ദ്രത്തിനു കീഴിൽത്തന്നെയുള്ള മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ മുന്നോട്ടു വരരുതെന്നേ ചട്ടങ്ങളിൽ നിഷ്‌കർഷിച്ചിട്ടുള്ളൂ. രണ്ടു പതിറ്റാണ്ടു മുമ്പ് കേന്ദ്ര ആസ്‌തി വിറ്റഴിക്കൽ മന്ത്രാലയം പുറപ്പെടുവിച്ചിരുന്ന ഒരുത്തരവ് ചൂണ്ടിക്കാട്ടിയാണ് എച്ച്.എൽ.എൽ ലേല നടപടികളിൽ സംസ്ഥാനങ്ങൾ പങ്കെടുക്കരുതെന്നു കാണിച്ച് കേന്ദ്രം സംസ്ഥാന സർക്കാരിന് കത്ത് നൽകിയത്. എങ്കിൽ സൗജന്യമായി നൽകിയ ഭൂമിയും വസ്തുവകകളും സംസ്ഥാനത്തിനു വിട്ടുനൽകാനുള്ള മര്യാദ കാണിക്കണം.

എച്ച്.എൽ.എൽ ഏറ്റെടുത്ത് പൊതുമേഖലയിൽത്തന്നെ നിലനിറുത്തി ലാഭകരമാക്കാനുള്ള പ്രാപ്‌തി സംസ്ഥാനത്തിനുണ്ട്. എച്ച്.എൽ.എൽ ശൃംഖല ഒന്നിച്ചു ലേലംചെയ്യാനാണ് കേന്ദ്ര നിക്ഷേപ പൊതുആസ്‌തി വകുപ്പ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടു കൂടിയാകാം തിരുവനന്തപുരത്തെ യൂണിറ്റ് മാത്രമായി വിൽക്കാനാവില്ലെന്ന നിലപാടെടുത്തത്. എന്തായാലും സംസ്ഥാനത്തെ ഒഴിവാക്കാനുള്ള കാരണങ്ങൾ നിയമവിരുദ്ധവും യുക്തിക്കു നിരക്കാത്തതുമാണ്.

തിരുവനന്തപുരത്തിന്റെ കണ്ണായ പ്രദേശത്ത് ഹിന്ദുസ്ഥാൻ ലാറ്റക്സിനായി 19 ഏക്കർ ഭൂമി ഏറ്റെടുത്തു നൽകിയത് സ്ഥാപനം സംസ്ഥാന വ്യവസായ ഭൂപടത്തിൽ എന്നും തിളങ്ങിനിൽക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അനേകം അഭ്യസ്തവിദ്യർക്ക് തൊഴിലവസരവും ലക്ഷ്യമിട്ടിരുന്നു. ആ പ്രതീക്ഷകൾക്കൊന്നും മങ്ങലേറ്റില്ലെന്നത് വാസ്തവമാണ്. മികച്ച ലാഭത്തിൽ നടന്നുവരുന്ന സ്ഥാപനം കേന്ദ്രത്തിന്റെ വിറ്റഴിക്കൽ നയത്തിൽ പെട്ടുപോയതുകൊണ്ടാണ് ദുർഗതി നേരിടേണ്ടിവരുന്നത്. ലേലത്തിൽ പങ്കെടുക്കാൻ അനുവദിച്ചാലുമില്ലെങ്കിലും സ്ഥാപനം കൈമാറുന്ന ഘട്ടമുണ്ടായാൽ സൗജന്യമായി നൽകിയ ഭൂമി തിരികെ ആവശ്യപ്പെടാൻ സംസ്ഥാനത്തിന് അവകാശമുണ്ട്. നിയമ പോരാട്ടത്തിലൂടെയെങ്കിലും അതു വാങ്ങിയെടുക്കണം.