
തിരുവനന്തപുരം: പട്ടം തോട്ടിൽ മീനുകൾ ചത്തുപൊങ്ങിയതിന്റെ കാരണം സംബന്ധിച്ച മരിയൻ ഫിഷ് അതോറിട്ടിയുടെ റിപ്പോർട്ടിൽ തൃപ്‌തിയില്ലാതെ നഗരസഭാ ആരോഗ്യവിഭാഗം. തോട്ടിൽ നിന്ന് രണ്ട് മീനുകളെയെടുത്താണ് മരിയിൻ ഫിഷ് അതോറിട്ടി പഠനം നടത്തിയത്. മീനുകൾ ചീഞ്ഞ നിലയിലായിരുന്നെന്നും മരണകാരണം കണ്ടെത്തുക ബുദ്ധിമുട്ടാണെന്നുമാണ് മരിയൻ ഫിഷ് അതോറിട്ടിയുടെ റിപ്പോർട്ട്. അതേസമയം, ഡ്രെയിനേജിൽ നിന്നടക്കം വരുന്ന മലിനജലമാകാം മീനകൾ ചാവാനിടയായതെന്നും ഇത് സ്ഥിരമാണെന്നുമാണ് മരിയൻ ഫിഷ് അതോറിട്ടി പറയുന്നത്. ശരിയായ കാരണം കണ്ടെത്താൻ പബ്ലിക്ക് ഹെൽത്ത് ലാബിലെ റിപ്പോർട്ട് വരാൻ കാത്തിരിക്കുകയാണെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. മീനുകൾ ചത്തതിൽ അന്യസംസ്ഥാന തൊഴിലാളികളുടെ പങ്കും നഗരസഭ തള്ളിക്കളയുന്നില്ല. ഇതുസംബന്ധിച്ച അന്വേഷണം നടക്കുകയാണ്. ആക്കുളം - ഉളളൂർ ഭാഗങ്ങളിൽ മീൻ വിൽക്കുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് നിരീക്ഷണത്തിലുള്ളത്. തോട്ടിൽ നിന്ന് മീൻപിടിച്ച് വിൽക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ വെള്ളത്തിൽ ഒരുതരം ലായനി ഒഴിച്ചാണ് മീനുകളെ കൊല്ലുന്നതെന്ന് കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു.