
തിരുവനന്തപുരം:സ്വകാര്യമേഖലയ്ക്ക് വിൽക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാൻ ലാറ്റക്സ് (എച്ച്.എൽ.എൽ)സംസ്ഥാനത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
സംസ്ഥാനം നൽകിയ ഭൂമിയിൽ തുടങ്ങിയ സ്ഥാപനം പൊതുമേഖലയിൽ നിലനിറുത്താനുള്ള അവകാശം കേരളത്തിനുണ്ട്. ഭൂമിയും വസ്തുവകകളും കേരളത്തിനു വിട്ടുനൽകുകയോ,അതിന്റെ ലേലനടപടികളിൽ പങ്കെടുക്കാൻ അനുവദിക്കുകയോ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിനോ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കോ, 51ശതമാനമോ അതിൽ കൂടുതൽ ഓഹരിയുള്ള സഹകരണസംഘങ്ങൾക്കോ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നതാണ് ഒാഹരിവിറ്റഴിക്കൽ നയത്തിലെ നിബന്ധന.സംസ്ഥാനങ്ങൾക്ക് പങ്കെടുക്കാൻ അർഹതയില്ലെന്ന് എവിടെയും പറയുന്നില്ല. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.ലേലത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് സംസ്ഥാനത്തെ കേന്ദ്രം വിലക്കിയ സാഹചര്യത്തിലാണ് മന്ത്രിസഭാ തീരുമാനമനുസരിച്ച് മുഖ്യമന്ത്രി കത്തയച്ചത്.
ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനാനുസൃതമായി സംസ്ഥാന സർക്കാരുകൾക്കു
ണ്ടെന്നും മുഖ്യമന്ത്രി കത്തിൽ ഒാർമ്മിപ്പിച്ചു.