p

തിരുവനന്തപുരം: സ്കൂളുകളിൽ അടുത്ത വർഷം മുതൽ ഘട്ടംഘട്ടമായി നടപ്പാക്കുന്ന പുതിയ പാഠ്യപദ്ധതി നിശ്ചയിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായി കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായി കരിക്കുലം കോർ കമ്മിറ്റിയും രൂപീകരിച്ചു. മുൻ ഹയർ സെക്കൻഡറി ഡയറക്ടർ പ്രൊഫ. സി.പി ചിത്ര വൈസ് ചെയർപേഴ്സണായ കോർ കമ്മിറ്റി ഓരോ വിഷയത്തിലും ബന്ധപ്പെട്ട വിദ്യാഭ്യാസ വിദഗ്ദ്ധർ നൽകുന്ന റിപ്പോർട്ട് ക്രോഡീകരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി സ്റ്റിയറിംഗ് കമ്മിറ്റിക്ക് കൈമാറും. സ്റ്റിയറിംഗ് കമ്മിറ്റി അന്തിമ തീരുമാനമെടുക്കും.

സ്റ്റിയറിംഗ് കമ്മിറ്റിയിൽ അടൂർ ഗോപാലകൃഷ്ണൻ, മട്ടന്നൂർ ശങ്കരൻ കുട്ടി, പ്രൊഫ. എം.എ ഖാദർ, കെ.സച്ചിദാനന്ദൻ, ഡോ. ബി. ഇക്ബാൽ എന്നിവരടക്കം 71പേരുണ്ട്. 32 അംഗ കോർ കമ്മിറ്റിയിൽ വിദഗ്ദ്ധർക്ക് പുറമേ,തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ആസൂത്രണ ബോർഡ് അംഗം പ്രൊഫ. മിനി സുകുമാർ, സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി ഡോ. ഷിജുഖാൻ എന്നിവരും അംഗങ്ങളാണ്.

ലിംഗ സമത്വം, ലിംഗനീതി, മതനിരപേക്ഷത തുടങ്ങി നിരവധി വിഷയങ്ങളും പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

#സെക്രട്ടേറിയറ്റിൽ

പ്രത്യേക സെൽ

ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശപ്രകാരം,ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ ഏകീകരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ പുനർവിന്യാസം, സ്‌പെഷ്യൽ റൂൾ തയ്യാറാക്കൽ, ബന്ധപ്പെട്ട കോടതി കേസുകൾ,കെ. ഇ. ആർ ഭേദഗതികൾ,വിവരാവകാശ അപേക്ഷകൾ തുടങ്ങിയ ജോലികൾ നിർവഹിക്കുന്നതിനായി സെക്രട്ടേറിയറ്റിൽ പ്രത്യേക സെൽ രൂപീകരിച്ചു .സെല്ലിന് നിർദ്ദേശങ്ങൾ നൽകുന്നതിനും സ്‌പെഷ്യൽ റൂൾ തയ്യാറാക്കുന്നതിനും കോർ കമ്മിറ്റി രൂപീകരിച്ചു. കോർ കമ്മിറ്റിക്ക് സംവിധാനം ഏർപ്പെടുത്താനുള്ള ചുമതല സീമാറ്റ് കേരള ഡയറക്ടർക്കാണ്.

#പാഠപുസ്തക വിതരണം

അടുത്ത അദ്ധ്യയന വർഷത്തിലെ ഒന്നു മുതൽ പത്തുവരെ ക്ളാസുകളിലെ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി.14 ജില്ലാ ഹബ്ബുകളിലും പാഠപുസ്തകങ്ങൾ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.