
തിരുവനന്തപുരം: അനർട്ടിനുള്ള 44.44കോടിയുൾപ്പെടെ ഉൗർജ്ജമേഖലയ്ക്ക് 1152.93 കോടിയുടെ വാർഷിക അടങ്കൽ നൽകിയ ബഡ്ജറ്റിനെ മന്ത്രി കെ. കൃഷ്ണൻകുട്ടി സ്വാഗതം ചെയ്തു. വൈദ്യുതീകരിക്കാത്ത ഉൾനാടൻ ആദിവാസി ഊരുകളിൽ മെക്രോ ഗ്രിഡുകൾ സ്ഥാപിക്കുന്ന പദ്ധതി, വഴിയോരക്കച്ചവടക്കാർക്ക് സോളാർ പുഷ് കാർട്ടുകൾ, മത്സ്യബന്ധന ബോട്ടുകൾക്ക് സോളാർ സ്‌മോൾ വിൻഡ് ഹൈബ്രിഡ് പവർ സംവിധാനം, ഗാർഹികമായ ഹരിത ഊർജോത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് 32 കോടിയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ്, വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള വായ്പയ്ക്ക് പലിശ ഇളവ് തുടങ്ങി നിരവധി പദ്ധതികളാണ് ബഡ്ജറ്റിലുള്ളത്.
2050ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനം ബഡ്ജറ്റിൽ തുടക്കമിട്ടു. നിലവിലുള്ള ഓട്ടോകൾ ഇ-ഓട്ടോയിലേക്ക് മാറാൻ സബ്സിഡി നൽകാനുള്ള തീരുമാനവും പരിസ്ഥിതിസൗഹൃദ കേരളത്തിലേക്കുള്ള മുന്നേറ്റത്തെ സഹായിക്കും.
 ബഡ്ജറ്റ് നിരാശാജനകം: വ്യാപാരി വ്യവസായി അസോസിയേഷൻ
ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റ് നിരാശാജനകമാണെന്ന് വ്യാപാരി വ്യവസായി അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. കടക്കെണിയിലായ വ്യാപാരികളെ സഹായിക്കാനുള്ള യാതൊരു നിർദ്ദേശവുമില്ലെന്നും വ്യാപാര മേഖലയെ തകർക്കുന്നതാണ് ബഡ്ജറ്റെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയനും സംസ്ഥാന ജനറൽ സെക്രട്ടറി ചേന്തി അനിലും പ്രസ്താവനയിൽ പറഞ്ഞു.