മുടപുരം: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 28, 29 തീയതികളിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം ജില്ലയിൽ 18, 19 തീയതികളിൽ ജാഥ നടത്തുന്നു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ. രാമു നയിക്കുന്ന ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം ജാഥ 18ന് രാവിലെ 8ന് മംഗലപുരത്ത് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9ന് ചിറയിൻകീഴിലും 10ന് ആറ്റിങ്ങലിലും ജാഥ എത്തിച്ചേരും. ജാഥയ്ക്ക് വമ്പിച്ച സ്വീകരണം നൽകാൻ മുഴുവൻ തൊഴിലാളികളും എത്തിച്ചേരണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ എച്ച്.എം.എസ് നേതാവ് കെ.എസ്. ബാബു അദ്ധ്യക്ഷനായി. അഡ്വ. ആറ്റിങ്ങൽ ജി. സുഗുണൻ, ആർ. സുഭാഷ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം. മുരളി (സി.ഐ.ടി.യു),​ ശ്യാംനാഥ് (ഐ.എൻ.ടി.യു. സി), മുഹമ്മദ് റാഫി, അവനവഞ്ചേരി രാജു (എ.ഐ.ടി.യു.സി),​ കോരാണി സനൽ (കെ.ടി.യു.സി) എന്നിവർ പങ്കെടുത്തു.