നെടുമങ്ങാട്: വേങ്കോട് അമ്മാവൻ പാറ കൈയേറ്റം കണ്ടെത്തി ഒഴിപ്പിക്കാനും പാറ സംരക്ഷിക്കാനും മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ ദിവസം മന്ത്രിയുടെ ചേംബറിൽ സ്ഥലം എം.എൽ.എയും മന്ത്രിയുമായ ‌ജി.ആർ. അനിൽ,റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, കളക്ടർ,ആർ.ഡി.ഒ, സർവേ ഡയറക്ടർ, നെടുമങ്ങാട് നഗരസഭ ചേയർപേഴ്സൺ സി.എസ്.ശ്രീജ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. ആർ.ഡി.ഒയുടെയും സർവേ അസിസ്റ്റന്റ് ഡയറക്ടറുടെയും മേൽനോട്ടത്തിലായിരിക്കും സർവേ. 31നകം നടപടികൾ പൂർത്തിയാക്കാനും തീരുമാനമായി. പുറമ്പോക്കായ അമ്മാവൻ പാറയിൽ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്മെന്റ് ഭൂമി കൈയേറുകയും മരങ്ങൾ മുറിച്ച് മാറ്റുകയും സ്ഥലം അവരുടെ ഭൂമിയോട് ചേർക്കുകയും ചെയ്തപ്പോഴാണ് വിവാദമായത്. ഇതിനെതിരെ സംരക്ഷണസമിതി രൂപീകരിച്ച് നാട്ടുകാർ രംഗത്ത് വരുകയും പ്രശ്നം സർക്കാറിന്റെ മുന്നിലേത്തുകയുമായിരുന്നു.