
വാമനപുരം: വാമനപുരം നദി ഇനി തടസ്സങ്ങളില്ലാതെ, മാലിന്യമില്ലാത സ്വച്ഛമായി ശാന്തമായി ഒഴുകും. വാമനപുരം നദി പുനരുജ്ജീവനത്തിനായി കഴിഞ്ഞ ദിവസം ബഡ്ജറ്റിൽ 2 കോടി രൂപ അനുവദിച്ചു. പശ്ചിമഘട്ടത്തിലെ ചെമുഞ്ചിമൊട്ടയിൽ നിന്നാരംഭിച്ച് വാമനപുരം, അരുവിക്കര, ആറ്റിങ്ങൽ, ചിറയിൻകീഴ് എന്നീ മണ്ഡലങ്ങളിൽ കൂടി 88 കിലോമീറ്റർ ദൂരം ഒഴുകി അഞ്ചുതെങ്ങിൽ അവസാനിക്കുന്ന നദിയാണ് വാമനപുരം നദി. ഈ നദിയുടെ സമഗ്രമായ പുനരുജ്ജീവനത്തിനായി വിശദമായ ഡി. പി.ആർ തയ്യാറാക്കിയത് മുഖ്യമന്ത്രി പ്രകാശനം ചെയ്തിരുന്നു. വി.ശശി എം.എൽ.എ ചെയർമാനും ഡി.കെ. മുരളി കൺവീനറുമായ നദീജല സംരക്ഷണ സമിതിയും മറ്റ് ടെക്നിക്കൽ കമ്മിറ്റികളും രൂപീകരിച്ചിരുന്നു. ഈ പദ്ധതിപ്രകാരം നദിയുടെ പുനരുജ്ജീവന പദ്ധതിക്കായി ആദ്യഘട്ടം എന്ന നിലയിൽ നവകേരളം പദ്ധതിയിലുൾപ്പെടുത്തിയാണ് 2 കോടി രൂപ അനുവദിച്ചത്. ഡി.പി.ആറിൽ പറയുന്ന രീതിയിൽ പദ്ധതി പ്രാവർത്തികമായാൽ 720 കോടി രൂപയുടെ വികസനം സാദ്ധ്യമാകും.
നദിയെ പുനരുജ്ജീവിപ്പിക്കണമെന്നും സംരക്ഷിക്കണമെന്നും വർഷങ്ങളായുള്ള പരിസ്ഥിതി പ്രവർത്തകരുടെയും പ്രദേശവാസികളുടെയും ആവശ്യമായിരുന്നു. ഇതിനെത്തുടർന്ന് വാമനപുരം നദിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് സാദ്ധ്യതാപഠനം നടത്തിയിരുന്നു. വനമേഖല ഒഴിച്ചുള്ള എട്ടിടങ്ങളിലാണ് എക്കോ ടൂറിസം പദ്ധതികൾക്ക് സാദ്ധ്യതയുള്ളതെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോക്ടർ പ്രകാശ്, ലാൻഡ് യൂസേഴ്സ് ബോർഡ് കമ്മീഷണർ നിസാമുദ്ദീൻ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ അടങ്ങുന്ന സമിതിയെ ആണ് ഇതുസംബന്ധിച്ചുള്ള പഠനത്തിനായി ചുമതലപ്പെടുത്തിയിരുന്നത്.
**റിപ്പോർട്ടിൽ പറയുന്നത്:-
പുനരുജ്ജീവനപദ്ധതിയിലെ എക്കോ പാർക്ക്, സ്മാൾ ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ടുകൾ, കൂടുതൽ കുടിവെള്ള പദ്ധതികൾ എന്നിവയ്ക്ക് സാദ്ധ്യതയുണ്ടെന്നും കൂടാതെ നദിയിൽ 5 വലിയ തടയണകൾ നിർമ്മിക്കുന്നതിനും നദിയുടെ നീർത്തട പദ്ധതിയിൽ വരുന്ന 456 കുളങ്ങളിൽ 250 എണ്ണം നവീകരിക്കുന്നതിനും 42 പ്രധാന തോടുകൾ സംരക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും പഠന റിപ്പോർട്ടിൽ ഉണ്ട്.
**വാമനപുരം നദി :-
തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സാണ് വാമനപുരം നദി. 1350 ദശലക്ഷം ഘന അടി ജലസമ്പത്ത് ഉണ്ടെന്നും ഇതിൽ 850 ദശലക്ഷം ഘനയടി ജലം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താമെന്നും നേരത്തെ നടത്തിയ പഠനങ്ങളിലൂടെ വെളിവായിരുന്നു.
**സംരക്ഷണമില്ല: -
മതിയായ സംരക്ഷണം ഇല്ലാതെയും നിരവധി ചൂഷണങ്ങൾക്ക് വിധേയമായും നദിക്ക് ശോഷണം സംഭവിച്ചു. മതിയായ തടയണകൾ ഇല്ലാത്തതിനാൽ വേനലിൽ നീരൊഴുക്ക് ദുർബലമായി. 2010 മുതൽ നദിയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം പോലും താളംതെറ്റുന്ന സ്ഥിതിയിലാണ്. ഇതോടെയാണ് നദി സംരക്ഷിക്കേണ്ടതിനെക്കുറിച്ചുള്ള ഗൗരവമായ ചിന്തകൾ ഉടലെടുത്തത്.