
തിരുവനന്തപുരം: പഴവർഗ കൃഷികളുൾപ്പെടെ തോട്ടങ്ങളുടെ ഭാഗമാക്കുന്നതിന് കാലോചിത മാറ്റം വേണമെന്ന ബഡ്ജറ്റിലെ നിർദ്ദേശത്തോട് സി.പി.ഐക്ക് വിയോജിപ്പ്. ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യമായിവരുന്ന നിർദ്ദേശത്തെ അതേപടി അംഗീകരിക്കാനാവില്ലെന്ന് ഇടതുമുന്നണിയിൽ സി.പി.ഐ വ്യക്തമാക്കിയേക്കും. ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യങ്ങൾ സംരക്ഷിച്ചുകൊണ്ട് കാലോചിതമായ ഭേദഗതിയെന്ന് ബഡ്ജറ്റിൽ പറയുന്നുണ്ടെങ്കിലും അടിസ്ഥാനതത്വങ്ങളിൽ മാറ്റം അനിവാര്യമാക്കുന്ന നിർദ്ദേശമാണെന്നാണ് സി.പി.ഐ കരുതുന്നത്. സി.പി.എമ്മിന്റെ കൊച്ചി സമ്മേളനത്തിൽ അവതരിപ്പിച്ച വികസന നയരേഖയിൽ മുന്നോട്ടുവച്ച നിർദ്ദേശമാണ് ബഡ്ജറ്റ് പ്രസംഗത്തിലും ഇടം പിടിച്ചത്. ഈ സ്ഥിതിക്ക് സി.പി.ഐയുടെ വിയോജിപ്പ് മുന്നണിയിലൊരു തർക്കവിഷയമാകും.
ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഡൽഹിയിൽ പ്രതികരിച്ചു. അതൊക്കെ മുന്നണിയിൽ ചർച്ച ചെയ്തേ പറ്രൂ. തോട്ടങ്ങളിൽ ഉപയോഗശൂന്യമായ സ്ഥലങ്ങളിൽ ഇടവിള കൃഷിക്കായി ഇപ്പോൾ തന്നെ നിയമങ്ങളുണ്ട്. ഭൂപരിഷ്കരണ നിയമഭേദഗതിയെ എതിർക്കുമോയെന്ന് വാർത്താലേഖകർ ചോദിച്ചപ്പോൾ ഇപ്പോൾ ഭേദഗതി വരുത്തുന്നില്ലല്ലോയെന്നായിരുന്നു മറുപടി. ചർച്ച ചെയ്യുമ്പോൾ നിലപാട് പറഞ്ഞാൽ പോരേയെന്നും ചോദിച്ചു.
അതേസമയം, ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൊല്ലത്ത് പ്രതികരിച്ചു. ദുരുപയോഗത്തിന് അവസരമൊരുക്കുന്ന തരത്തിൽ ഭേദഗതിയുണ്ടാവില്ലെന്നും തോട്ടം മുറിച്ചുവിൽക്കാനോ തരം മാറ്റാനോ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റബ്ബർ, തേയില, കാപ്പി എന്നീ ഏകവിളകൾ കൃഷി ചെയ്യുന്നവയാണ് നിലവിൽ തോട്ടം നിർവചനത്തിൽ. അതിൽ മറ്റ് വിളകൾ വേണമെങ്കിൽ നിയമത്തിൽ ഭേദഗതി വരുത്തണം. ഭൂപരിഷ്കരണത്തിന്റെ അന്തഃസ്സത്ത തന്നെ ഭേദഗതിയിലൂടെ തകർക്കപ്പെടാമെന്നാണ് സി.പി.ഐയുടെ നിലപാട്.
യു.ഡി.എഫ് ഭരണകാലത്ത് നിയമമന്ത്രി കെ.എം. മാണി തോട്ടംഭൂമിയുടെ അഞ്ച് ശതമാനം ടൂറിസത്തിനും ഔഷധസസ്യകൃഷിക്കും മറ്റുമായി നീക്കിവച്ച് ഭേദഗതി കൊണ്ടുവന്നിരുന്നു. അന്ന് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുണ്ടായിരുന്ന പ്രതിപക്ഷം ശക്തമായി എതിർത്തെങ്കിലും ഭേദഗതി നിലവിൽവന്നു.
ഒന്നാം പിണറായിസർക്കാരിന്റെ കാലത്ത് തോട്ടങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന 30- 40 ശതമാനം വരെ ഭൂമിയിൽ മറ്റ് പഴവർഗ കൃഷികളാകാമെന്ന നിർദ്ദേശം വരികയുണ്ടായി. കൃഷിമന്ത്രിയായിരുന്ന വി.എസ്. സുനിൽകുമാർ ഇക്കാര്യം പാർട്ടിയിൽ അവതരിപ്പിച്ചപ്പോൾ റവന്യുമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ ഭൂപരിഷ്കരണത്തിന്റെ അന്തഃസ്സത്ത തകർക്കപ്പെടുമോയെന്ന ശങ്കയുയർത്തി വിയോജിച്ചു. വിഷയം മാറ്റിവച്ച സി.പി.ഐ അതിന്മേൽ പിന്നീട് ചർച്ച നടത്തിയിട്ടില്ല. അതിനിടയിലാണ് സി.പി.എം ഈ നിർദ്ദേശം സജീവമാക്കി മുന്നോട്ട് നീങ്ങുന്നത്.
മന്ത്രി ബാലഗോപാലിന്റെ ഒന്നാം ബഡ്ജറ്റിലും തോട്ടഭൂമിയിൽ പരമ്പരാഗത തോട്ടവിളകൾക്ക് പുറമേ മറ്റ് കൃഷികളും അനുവദിക്കണമെന്ന നിർദ്ദേശം വച്ചെങ്കിലും തുടർ ചർച്ചകളുണ്ടായില്ല.