
തിരുവനന്തപുരം: ബെൽജിയത്തിലേക്ക് നഴ്സിംഗ് റിക്രൂട്ട്‌മെന്റ് ആരംഭിച്ച് തൊഴിൽവകുപ്പിന് കീഴിലുള്ള ഒഡെപെക്. ആദ്യ ഘട്ടത്തിൽ ബെൽജിയത്തിലേക്ക് പോകുന്ന 22 നഴ്സുമാർക്കുള്ള വിസ, വിമാന ടിക്കറ്റ് വിതരണം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
ഒഡെപെകും ബെൽജിയത്തിലെ ഡിഗ്നിറ്റാസ് കൺസോർഷ്യവും കൊച്ചിയിലെ ലൂർദ് ആശുപത്രിയും ചേർന്നുള്ള സംയുക്ത സംരംഭമായ അറോറ പദ്ധതിപ്രകാരമാണ് നഴ്സിംഗ് റിക്രൂട്ട്‌മെന്റ്. വിദേശ റിക്രൂട്ടുമെന്റുകൾ കൂടാതെ വിമാന ടിക്കറ്റ് ബുക്കിംഗും വിദേശഭാഷാ പരിശീലനവും വിദേശ രാജ്യങ്ങളിൽ പഠനം സംബന്ധിക്കുന്ന പ്രോഗ്രാമുകളും ടൂർ പാക്കേജുകളും നടത്തുന്ന ഒഡെപെക് ഈ മേഖലയിലെ തട്ടിപ്പിന് തടയിടുന്ന സർക്കാർ ഏജൻസിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ഒഡെപെക് ചെയർമാൻ അഡ്വ. കെ. പി. അനിൽ കുമാർ അദ്ധ്യക്ഷനായിരുന്നു. എം.ഡി അനൂപ് കെ. എ., കെ.എസ്.ഡബ്ല്യു.ഡി.സി.എം.ഡി ബിന്ദു വി. സി.,ലൂർദ്സ് ഹോസ്പിറ്റൽ സി.ഇ.ഒ ആൻഡ് ഡയറക്ടർ ഫാ. ഷൈജു എന്നിവർ പങ്കെടുത്തു.