തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ചു മരിച്ച അഞ്ചുപേരുടെയും സംസ്കാരം ഇന്നലെ വൈകിട്ട് മൂന്നോടെ അപകടമുണ്ടായ അയന്തി പന്തുവിളയിലെ രാഹുൽ നിവാസിൽ നടന്നു. അപകടത്തിൽ മരിച്ച എട്ടുമാസം പ്രായമുള്ള റയാൻ അമ്മ അഭിരാമിയോടൊപ്പം ഇനി ഉണരാത്ത നിദ്ര‌യിലാണ്ടത് കണ്ടുനിന്നവർക്കും നാടിനും തീരാവേദനയായി. തൊട്ടടുതന്നെയാണ് പ്രതാപന്റെയും ഷെർളിയുടെയും അഹിലിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ പ്രതാപന്റെ മൂത്തമകൻ രാഹുലും മകൻ ആദിദേവും അഭിരാമിയുടെ അപ്പച്ചിയുടെ മകൻ അരുണും മകൻ അദ്വൈതുമാണ് അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്. ആദ്യം അഭിരാമിയെയും മകൻ റയാനെയുമാണ് വീട്ടുവളപ്പിൽ തീർത്ത കുഴിയിൽ ഒരു പെട്ടിയിൽ അടക്കം ചെയ്തത്. തുടർന്ന് പ്രതാപന്റെയും ഷെർളിയുടെയും അഹിലിന്റെയും മൃതദേഹങ്ങൾ ഗ്യാസ് ഫർണസുകളിലൊരുക്കിയ ചിതയിൽ സംസ്കരിച്ചു. ഇന്നലെ രാവിലെ 8.30 ഓടെയാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങിയത്. അഭിരാമിയുടെയും മകന്റെയും മൃതദേഹങ്ങളാണ് ആദ്യം ഏറ്റുവാങ്ങിയത്. ശേഷം വക്കത്തുള്ള അഭിരാമിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഇരു മൃതദേഹങ്ങളും വക്കത്തെ പൊതുദർശനത്തിനുശേഷം വർക്കലയിലേക്ക് കൊണ്ടുവന്നു. 11.30ന് അഭിരാമിയുടെയും മകന്റെയും മൃതദേഹങ്ങൾ വഹിക്കുന്ന ആംബുലൻസുകൾ വർക്കല പുത്തൻചന്തയിലെത്തിയപ്പോൾ പാരിപ്പള്ളിയിൽ നിന്ന് പ്രതാപന്റെയും ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങൾ വഹിക്കുന്ന ആംബുലൻസുകളും അവിടെയെത്തി. തുടർന്ന് വിലാപയാത്രയായി മൃതദേഹങ്ങൾ പ്രതാപന്റെ മൂത്തമകൻ രാഹുലിന്റെ വീടായ അയന്തി പന്തുവിളയിലെ സ്നേഹതീരത്ത് എത്തിച്ചു. ഇവിടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചു. തുടർന്ന് ശിവഗിരിമഠത്തിലെ സന്യാസി ശ്രേഷ്ഠരുടെ പ്രാർത്ഥനയ്ക്കും മറ്റു ചടങ്ങുകൾക്കും ശേഷമാണ് സംസ്കാരം നടന്നത്. മുഖ്യമന്ത്രിക്കായി റീത്ത് സമർപ്പിക്കാൻ മന്ത്രിമാരായ ജി.ആർ. അനിലും വി. ശിവൻകുട്ടിയും എത്തിയിരുന്നു. അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ വി. ജോയി, ഒ.എസ്. അംബിക എന്നിവരും മറ്റ് ജനപ്രതിനിധികളും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.