ksrtc

ചിറയിൻകീഴ്: തീരദേശ മേഖലയായ പെരുങ്ങുഴിയിൽ യാത്രാക്ലേശം രൂക്ഷം. ചിറയിൻകീഴ് - കഴക്കൂട്ടം റൂട്ടായ പെരുങ്ങുഴിയിൽ പ്രൈവറ്റ് ബസുകൾക്ക് പെർമിറ്റ് ഇതുവരെ നൽകിയിട്ടില്ല. അതിനാൽ തന്നെ യാത്രക്കാരുടെ ഏക ആശ്രയം കെ.എസ്.ആർ.ടി.സിയും സമാന്തര സർവീസും മാത്രമാണ്.

മുൻകാലങ്ങളിൽ പോലും ഈ മേഖലയിൽ ആവശ്യത്തിന് സർവീസുകൾ ഇല്ലായിരുന്നു. ആറ്റിങ്ങൽ - കണിയാപുരം എന്നീ ഡിപ്പോകളിൽ നിന്നുമാണ് ഈ മേഖലയിൽ കൂടുതൽ സർവീസുകൾ നടത്തുന്നത്. കൊവിഡ് ഭീതി ഒഴിഞ്ഞ് സർവീസുകളെല്ലാം പഴയ സാഹചര്യത്തിലെത്തിയിട്ടും ഇതുവഴി കടന്ന് പോകുന്ന ആറ്റിങ്ങൽ - ചിറയിൻകീഴ് - തിരുവനന്തപുരം റൂട്ടിലെ ചില സർവീസുകളടക്കം പലതും പുനരാരംഭിക്കാൻ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

രാത്രികാലങ്ങളിൽ ചിറയിൻകീഴ് നിന്ന് പെരുങ്ങുഴി വഴി കഴക്കൂട്ടം ഭാഗത്തേക്ക് ആവശ്യത്തിന് സർവീസുകൾ ഇല്ലാത്തതും മറ്റൊരു വിഷയമാണ്. ദീർഘദൂര ട്രെയിനുകളിൽ ചിറയിൻകീഴിൽ വന്നിറങ്ങുന്ന പെരുങ്ങുഴിക്കാർക്ക് ഇവിടേക്ക് എത്തണമെങ്കിൽ നടക്കുകയോ അല്ലെങ്കിൽ മറ്റ് സ്വകാര്യ വാഹനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. സന്ധ്യയ്ക്ക് ശേഷം ഒരു മണിക്കൂർ ഇടവിട്ടെങ്കിലും 10 മണിവരെ ഈ മേഖലയിൽ സർവീസ് വേണമെന്നാവശ്യവും ശക്തമാണ്.