നെയ്യാറ്റിൻകര: തെക്കൻ കുരിശുമല തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ തിരുവനന്തപുരം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചു ചേർത്തു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഡി.എം ഇ.എം. സഫീ‌ അദ്ധ്യക്ഷത വഹിച്ചു. പൊലീസ്, ഗതാഗതം, ആരോഗ്യം, വൈദ്യുതി, റെവന്യൂ, ജലവിഭവം, ഫയർഫോഴ്സ്, പൊതുമരാമത്ത്, മോട്ടോർ വാഹനം, ഭക്ഷ്യസുരക്ഷാ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

നെയ്യാറ്റിൻകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വെള്ളറട മുതൽ എട്ടാം കുരിശു വരെ 18 പിക്കറ്റ് പോസ്റ്റുകളിലായി വനിതാ എസ്.ഐ ഉൾപ്പെടെയുള്ള പൊലീസ് സേനയുടെ 24 മണിക്കൂർ സേവനം ലഭ്യമാക്കും. മഫ്തി പൊലീസ്, സ്പെഷ്യൽ പൊലീസ്, ജീപ്പ് പട്രോൾ, ബൈക്ക് പട്രോൾ എന്നിവയുമുണ്ടാകും. ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്ന് കുരിശുമല സ്പെഷ്യൽ ബസ് സർവീസ് ഉണ്ടാകും.

ആരോഗ്യവകുപ്പ് 24 മണിക്കൂർ സൗജന്യ സേവനത്തിനായി ഹെൽത്ത് സ്ക്വാഡുകൾ രൂപീകരിക്കുകയും. ട്രോമകെയർ, ഫിസിയോതെറാപ്പി, ഓക്സിജൻ പാർലർ, ആംബുലൻസ് എന്നിവയുടെ സേവനവും ലഭ്യമാക്കും. വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിൽ തടസം കൂടാതെ വൈദ്യുതി നൽകുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. ഫയർഫോഴ്സിന്റെ ഒരു സമ്പൂർണ യൂണിറ്റും ആറുപേരുടെ വിദഗ്ദ്ധസംഘവും 10 വോളന്റിയർമാരും പ്രഥമശുശ്രൂഷ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.

കൂടാതെ ഇടറോഡുകളിലൂടെ അതിവേഗം യാത്രചെയ്യാൻ സാധിക്കുന്ന ചെറിയ വാഹന യൂണിറ്റും ക്രമീകരിക്കും. പൊതുമരാമത്ത് വകുപ്പ് എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ നടത്തി 20ന് മുൻപ് ഗതാഗതയോഗ്യമാക്കാൻ യോഗത്തിൽ നിർദ്ദേശമായി. കുരിശുമല കത്തിപ്പാറ റിംഗ് റോഡ് പണികൾ 14ന് ശേഷം ആരംഭിക്കും. പ്രധാന സ്ഥലങ്ങളിലെല്ലാം കുരിശുമല സൂചനാ ബോർഡുകൾ സ്ഥാപിക്കും. മോട്ടോർ വാഹന വകുപ്പ് തിരുവനന്തപുരം എൻഫോഴ്സ്‌മെന്റ് സ്ക്വാഡുമായി ചേർന്ന് വാഹന പരിശോധന നടത്തുകയും അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്യും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സമ്പൂർണ സേവനവും തീർത്ഥാടന ദിവസങ്ങളിൽ ലഭ്യമാകും. ത്രിതല പഞ്ചായത്തുകൾ അടിസ്ഥാന - പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനായി വിവിധ ഫണ്ടുകൾ വകയിരുത്തിയിട്ടുണ്ട്. തീർത്ഥാടനത്തിന് മുൻപ് വീണ്ടും യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുമെന്ന് എം.എൽ.എ പറഞ്ഞു. കുരിശുമല ഡയറക്ടർ ഡോ. വിൻസെന്റ് കെ. പീറ്റർ, വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ്മോഹൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ജയന്തി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ.പി. ആനി പ്രസാദ്, നെയ്യാറ്റിൻകര തഹസീൽദാർ ശോഭ സതീഷ്, ഡി.വൈ.എസ്.പി ശ്രീകാന്ത്, വോളന്റിയർ കമ്മിറ്റി ചെയർമാനും സി.എസ്.ഐ പന്നിമല സഭാ ശുശ്രൂഷകനുമായ ലോഡ് വിൻ ലോറൻസ്, സാൽവേഷൻ ആർമി കാനക്കോട് കമാൻഡിംഗ് ഓഫീസർ മേജർ ബി. സാലു തുടങ്ങിയവർ പങ്കെടുത്തു.